യുവന്റസിന്റെ അറ്റാക്കിങ് താരം കിയേസക്ക് എ സി എൽ ഇഞ്ച്വറി ആണ് എന്ന് ക്ലബ് സ്ഥിരീകരിച്ചു. ഇന്നലെ റോമക്ക് എതിരായ മത്സരത്തിൽ മുട്ടിന് പരിക്കേറ്റ് കിയേസ കളം വിട്ടിരുന്നു. പരിക്ക് പരിശോധനകൾക്ക് ശേഷം എ സി എൽ ഇഞ്ച്വറി ആണെന്ന് കണ്ടെത്തി. കിയേസ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാകും എന്നും ക്ലബ് അറിയിച്ചു. കിയേസ ഈ സീസണിൽ ഇനി കളിക്കില്ല. 6-9 മാസം വരെ കിയേസ പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് പ്രാഥമിക നിഗമനം.
കിയേസയുടെ പരിക്ക് യുവന്റസിന് വലിയ തിരിച്ചടി ആകും നൽകുക. ഈ സീസണിൽ യുവന്റസ് ഫോമിലേക്ക് ഉയരുന്ന ഘട്ടത്തിലാണ് കിയേസക്ക് പരിക്കേറ്റത്. മാത്രമല്ല ലോകകപ്പ് യോഗ്യത പ്ലേ ഓഫ് കളിക്കാനുള്ള ഇറ്റലിക്ക് ഒപ്പവും കിയേസ ഉണ്ടാകില്ല. കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയുടെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു കിയേസ.