കൊറോണ വൈറസ് വരുത്തിവെച്ച അനിശ്ചിതത്തിന് ഒടുവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വർഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ പോരാട്ടം പൊടിപാറുമെന്ന് ഉറപ്പാണ്. കോവിഡ് 19 വരുത്തിവെച്ച അനിശ്ചിതത്തിന് ഒടുവിൽ ഇന്ത്യയിൽ നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് യു.എ.ഇയിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ 13 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. എന്നാൽ സ്ഥിതി നിയന്ത്രണവിധേയമായതോടെ ബി.സി.സി.ഐ നേരത്തെ തീരുമാനിച്ച പ്രകാരം ടൂർണമെന്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
ചെന്നൈ സൂപ്പർ കിങ്‌സ് നിരയിൽ പരിചയ സമ്പന്നരായ സുരേഷ് റെയ്നയുടെയും ഹർഭജൻ സിംഗിന്റെയും അഭാവം അവർക്ക് കടുത്ത വെല്ലുവിളിയാണ്. എന്നാൽ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റൺസിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് കിരീടം നേടിയത്