വണക്കം ചെന്നൈ!!! സമ്മർദ്ദങ്ങളെല്ലാം മറികടന്ന് ഐലീഗ് കിരീടത്തിൽ ചെന്നൈ സിറ്റിയുടെ മുത്തം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിന് ഒരോ വർഷവും ഒരോ അത്ഭുതങ്ങൾ കാണിക്കാനുള്ള കഴിവുണ്ട്. 2016-17 സീസണിൽ ഐസാൾ എഫ് സി, ഈ കഴിഞ്ഞ സീസണിൽ മിനേർവ പഞ്ചാബ്.. ഇപ്പോൾ ചെന്നൈ സിറ്റി. ഐ ലീഗ് കിരീടം ഒരിക്കൽ കൂടി സീസൺ തുടങ്ങുമ്പോൾ ആരും പ്രവചിക്കാത്തവരിൽ എത്തിയിരിക്കുന്നു. സീസൺ തുടക്കം മുതൽ ലീഗിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ചെന്നൈ സിറ്റി ഈസ്റ്റ് ബംഗാൾ ഉയർത്തിയ വലിയ സമ്മർദ്ദവും മറികടന്ന് ലീഗ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലേക്ക് ആദ്യമായി ദേശീയ ലീഗ് കിരീടം കൊണ്ടു വരുന്ന ടീമായി ചെന്നൈ സിറ്റി ഇതോടെ മാറി.

ഇന്ന് ഐ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ ആരംഭിക്കുമ്പോൾ 40 പോയന്റുമായി ചെന്നൈ സിറ്റി ഒന്നാമതും 39പോയന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാമതുമായിരുന്നു. ചെന്നൈ സ്വന്തം ഹോമിൽ മിനേർവ പഞ്ചാബിനെയും, ഈസ്റ്റ് ബംഗാൾ എവേ ഗ്രൗണ്ടിൽ ഗോകുലത്തെയും നേരിടുന്നു. ചെന്നൈ സിറ്റി തന്നെ കിരീടം ഉയർത്താൻ സാധ്യത കൂടുതൽ. പക്ഷെ ഫുട്ബോളിൽ അങ്ങനെ ഒരു വിധിക്കും പ്രസക്തിയില്ല എന്നതാണ് സത്യം.

മിനേർവയും ചെന്നൈയുമായുള്ള മത്സരം നടത്തി നിമിഷങ്ങൾക്കുള്ളിൽ മിനേർവ പഞ്ചാബ് മുന്നിൽ എത്തി. ചെന്നൈ സിറ്റി ആ ഗോളിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി. മറുവശത്ത് ഈസ്റ്റ് ബംഗാളിനെ ഗോകുലം സമനിലയിൽ തന്നെ പിടിച്ചു വെച്ചു എങ്കിലും ഈസ്റ്റ് ബംഗാൾ വിജയിച്ചാൽ ലീഗ് കിരീടം ചെന്നൈ സിറ്റിയെ വിട്ട് അകലുമെന്ന് അവസ്ഥ. കിരീടം നഷ്ടമാകുമെന്ന ചിന്ത ചെന്നൈ സിറ്റിയുടെ പതിവ് താളം നഷ്ടപ്പെടുത്തി.

കളി ഹാഫ് ടൈമായപ്പോൾ ചെന്നൈ 0-1 മിനേർവ, ഗോകുലം 0-0 ഈസ്റ്റ് ബംഗാൾ. അപ്പോഴും ഒരു ഗോൾ അടിച്ചാൽ ഈസ്റ്റ് ബംഗാൾ ലീഗ് കിരീടം നേടുമെന്ന അവസ്ഥ. രണ്ടാം പകുതിയിൽ ഒരു ഹാൻഡ്ബോളാണ് ചെന്നൈ സിറ്റിക്ക് ജീവൻ തിരികെ നൽകിയത്. 56ആം മിനുട്ടിൽ കിട്ടിയ ആ പെനാൾട്ടി ഒട്ടും പിഴക്കാതെ മാൻസി വലയിൽ എത്തിച്ചു. മാൻസിയുടെ 21ആം ലീഗ് ഗോൾ.

കോഴിക്കോട് നടക്കുന്ന കളിയിൽ നിന്നും ചെന്നൈ സിറ്റിക്ക് സന്തോഷ വാർത്ത എത്തി. മാർകസിന്റെ ഗോളിൽ ഗോകുലം മുന്നിൽ. കിരീടം ചെന്നൈയിലേക്ക് അടുക്കുന്നു എന്ന തോന്നൽ. 69ആം മിനുട്ടിൽ ആയിരുന്നു മാർകസ് ഈസ്റ്റ് ബംഗാളിനെതിരെ ഗോൾ അടിച്ചത്. അതേ 69ആം മിനുട്ടിൽ കോയമ്പത്തൂരിൽ ചെന്നൈ സിറ്റിക്ക് ലീഡ് നൽകിയ ഗോളും പിറന്നു. ഗൗരവ് ബോരയുടെ സ്ട്രൈക്ക് ആയിരുന്നു ചെന്നൈക്ക് ലീഡ് നൽകിയത്.

ലീഡ് ഫൈനൽ വിസിൽ വരെ നിലനിർത്താൻ കോയമ്പത്തൂരിൽ ചെന്നൈ ശ്രമം. കോഴിക്കോടിൽ 79ആം മിനുട്ടിൽ ഈസ്റ്റ് ബംഗാളിന് സമനില ഗോൾ. വീണ്ടും ഇരു ഗ്രൗണ്ടിലും സമ്മർദ്ദങ്ങൾ ആര് കിരീടം ഉയർത്തുമെന്ന് അപ്പോഴും പ്രവചിക്കാൻ ആവാത്ത അവസ്ഥ. അഞ്ചു മിനുറ്റുകൾക്ക് ശേഷം വീണ്ടും ഈസ്റ്റ് ബംഗാളിന്റെ ഗോൾ. 2-1. ചെന്നൈക്ക് എതിരെ മിനേർവ സമനില എങ്കിലും പിടിക്കും എന്ന പ്രതീക്ഷയിൽ ഈസ്റ്റ് ബംഗാൾ കാത്തിരുന്നു. പക്ഷെ ഇഞ്ച്വറി ടൈമിൽ വീണ്ടും ഗൗരവ് ബോറയുടെ ഹെഡർ. ചെന്നൈ സിറ്റി 3-1ന് മുന്നിൽ. ആരാണ് ചാമ്പ്യന്മാർ എന്നറിയാൻ പിന്നെ ഫൈനൽ വിസിൽ ഔപചാരികത മാത്രമായി. രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോൾ 43 പോയന്റുമായി ചെന്നൈ ഒന്നാമത്. 42 പോയന്റുമായി ഈസ്റ്റ് ബംഗാൾ രണ്ടാമതും. അതോടെ ഐ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം ചെന്നൈ സ്വന്തമാക്കി.

ഈസ്റ്റ് ബംഗാളിന്റെ നീണ്ട കാലത്തെ ഐ ലീഗ് കിരീടത്തിനോടുള്ള കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയും ചെയ്തു. അടുത്ത സീസൺ മുതൽ ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ കളിക്കും എന്നാണ് കരുതപ്പെടുന്നത്.

സീസൺ തുടക്കം മുതൽ കാഴ്ചവെച്ച ഗംഭീര പ്രകടനങ്ങളാണ് ചെന്നൈക്ക് കിരീടം അവരുടേതാക്കി കൊടുത്തത്. പുതിയ പരിശീലകനായി എത്തിയ അക്ബർ നവാസിന്റെയും വിദേശ താരങ്ങളുടെയും മികവ് ചെന്നൈയുടെ കിരീട നേട്ടത്തിൽ എടുത്തു പറയേണ്ടതാണ്.

മാൻസി, നെസ്റ്റർ, സാൻഡ്രോ എന്നിവർ പുലർത്തിയ സ്ഥിരതയാർന്ന പ്രകടനം ഈ സീസണിൽ പകരം വെക്കാനില്ലാത്ത ഒന്നായിരുന്നു. മാൻസി 21 ഗോളുകളാണ് ഈ സീസണിൽ അടിച്ചു കൂട്ടിയത്. അതും ഒരു മാസത്തോളം പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നിട്ടും. പ്രാദേശിക താരങ്ങളും ചെന്നൈക്കായി ഈ സീസണിൽ നല്ല പ്രകടനം കാഴ്ചവെച്ചു. സൂസൈരാജിനെ പോലൊരു വലിയ താരത്തെ സീസൺ ആരംഭിക്കും മുമ്പേ നഷ്ടപ്പെട്ട ചെന്നൈക്ക് ആ വിടവ് നികത്താൻ വലിയ സമയം വേണ്ടി വന്നില്ല.

ഐലീഗിന്റെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല എങ്കിലും ഈ വിജയം തമിഴ്നാട്ടിലെ ഫുട്ബോളിന് വലിയ ഊർജ്ജമാകും. കഴിഞ്ഞ സീസണിൽ ചെന്നൈയിനിലൂടെ ഐ എസ് എൽ കിരീടവും തമിഴ്നാട്ടിൽ എത്തിയിരുന്നു.