പുതിയ സീസണായി ഒരു താരത്തെ കൂടെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ചെന്നൈ സിറ്റിയുടെ താരമായ ബ്യൂട്ടിൻ ആന്റണിയെ ആണ് ഗോകുലം സൈൻ ചെയ്തിരിക്കുന്നത്. വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ് ബ്യൂട്ടിൻ ആന്റണി. പൊഴിയൂർ സ്വദേശിയാണ് ബ്യൂട്ടിൻ ആന്റണി.
26കാരനായ ബ്യൂട്ടിൻ അവസാന അഞ്ചു വർഷമായി ചെന്നൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ചെന്നൈ സിറ്റിയുടെ കൂടെ ചെന്നൈ ഡിവിഷൻ കിരീടം നേടിയിട്ടുള്ള ആന്റണി ക്ലബ് ഐലീഗിൽ എത്തിയപ്പോഴും ടീമിലെ പ്രധാന ഭാഗമായി തുടർന്നു. ഈ കഴിഞ്ഞ സീസണിൽ ചെന്നൈ സിറ്റിക്ക് ഒപ്പം ദേശീയ ലീഗ് കിരീടവും ബ്യൂട്ടിൻ നേടി. വരേലയുടെ കീഴിൽ പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം കേരള എഫ് സിക്ക് കരുത്ത് കൂട്ടുന്ന താരമായിരിക്കും ആന്റണി. ഡ്യൂറണ്ട് കപ്പിൽ ആന്റണി ഗോകുലത്തിനായി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.