ഗോകുലം കേരള എഫ് സിക്ക് ലീഗിലെ തങ്ങളുടെ ഫോമിലേക്ക് തിരിച്ചുവരാനുള്ള ഒരു വലിയ അവസരമായിരുന്നു ഇന്നത്തെ മത്സരം. ഒരു ഘട്ടത്തിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗോകുലം കേരളം മുന്നിട്ടു നിൽക്കുകയും ചെയ്തതാണ്. പക്ഷെ എല്ലാം ഒരു ആവേശം അതിരുവിട്ട നിമിഷത്തിൽ ഇല്ലാതായി.
അർജുൻ ജയരാജ് അനാവശ്യമായി ചുവപ്പ് കണ്ട് പുറത്തായതാണ് ഗോകുലത്തിന്റെ താളം തെറ്റിച്ചത്. ചെന്നൈ സിറ്റി താരം പാണ്ടിയൻ ചെയ്ത ഫൗലിൽ പ്രകോപിതനായ അർജുൻ പാണ്ടിയനെ ചവിട്ടുകയും തുടർന്ന് അത് കയ്യാംകളിയിൽ എത്തുകയും ചെയ്തു. റഫറി ഒട്ടും താമസിക്കാതെ ഇരു താരങ്ങളെയും ചുവപ്പ് കാർഡ് കാണിച്ച് പുറത്തേക്കും അയച്ചു. പാണ്ടിയൻ ഫൗൾ ചെയ്തു എങ്കിലും രോഷാകുലനായ അർജുൻ തന്നെയാണ് ഈ രണ്ട് പേരിൽ പഴി അർഹിക്കുന്നത്.
രണ്ട് ടീമുകളും 10 പേരായി എങ്കിലും അതിന്റെ ഗോകുലത്തിനാണ് കൂടുതൽ പറ്റിയത്. അർജുൻ പോയത് ഗോകുലത്തിന്റെ താളം ആകെ തെറ്റിച്ചു. 2-1ന് മുന്നിട്ടു നിന്ന മത്സരം 3-2ന് ഗോകുലം പരാജയപ്പെട്ടു. ചെന്നൈ സിറ്റിയുടെ വിദേശ ഫോർവേഡ് മാൻസിയുടെ ഹാട്രിക്കാണ് ഗോകുലത്തിന്റെ കഥ കഴിച്ചത്. ഈ ഗോളുകളോടെ മാൻസി ലീഗിലെ ടോപ്പ് സ്കോറർ ആയി. 10 ഗോളുകൾ ഇതുവരെ മാൻസി ഐലീഗിൽ നേടി. സണ്ടേയും മുഡെ മുസയും ആയിരുന്നു ഗോകുകത്തിന്റെ സ്കോറേഴ്സ്.
ഗോകുലം കേരള എഫ് സിക്ക് ഇത് വിജയമില്ലാത്ത തുടർച്ചയായ ആറാം മത്സരമാണ്. എട്ടാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഗോകുലം കേരള എഫ് സി. ഇന്നത്തെ ജയം ഒന്നാമതുള്ള ചെന്നൈ സിറ്റിയെ 24 പോയന്റിൽ എത്തിച്ചു.