ഭൂട്ടാന്റെ റൊണാൾഡോ എന്ന് അറിയപ്പെടുന്ന ചെഞ്ചോ ബെംഗളൂരു എഫ് സി വിടുന്നു. താരത്തിന് ബെംഗളൂരുവിന്റെ നീല ജേഴ്സിയിൽ കഴിവ് തെളിയിക്കാൻ കഴിയാത്തതിനാൽ താരത്തെ റിലീസ് ചെയ്യാനുള്ള നീക്കത്തിലാണ് ബെംഗളൂരു എഫ് സി. ചെഞ്ചോയ്ക്ക് പകരം ഒരു സ്പാനിഷ് ഫോർവേഡിനെ കൊണ്ടു വരാനാണ് ബെംഗളൂരു ശ്രമിക്കുന്നത്.
സ്പാനിഷ് ഫോർവേഡായ ഡാനി അക്വീനോയുമായി ബെംഗളൂരു അവസാന ഘട്ട ചർച്ചയിലാണ് എന്ന് അഭ്യൂഹങ്ങളും ഉണ്ട്. ബെംഗളൂരു എഫ് സി മികുവിന് പരിക്കേറ്റതോടെ അറ്റാക്കിംഗിൽ സുനിൽ ഛേത്രിയെ കൂടുതൽ ആശ്രയിക്കേണ്ട ഗതിയിൽ ആയിരുന്നു. ചെഞ്ചോ ഒരു അത്ഭുത ഗോൾ ബെംഗളൂരുവിനായി നേടി എങ്കിലും അതിനപ്പുറം താരത്തിന് കാര്യമായ സംഭാവന ടീമിന് നൽകാനായില്ല.
കഴിഞ്ഞ സീസണിൽ മിനേർവ പഞ്ചാബിനെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ചെഞ്ചോ. താരം ബെംഗളൂരു എഫ് സി വിട്ടാലും ഇന്ത്യയിൽ തന്നെ തുടരും എന്നാണ് കരുതപ്പെടുന്നത്.