ചാമ്പ്യൻസ് ലീഗിൽ തുടക്കത്തിൽ തന്നെ ചെൽസിക്ക് കാലിടറി

20220907 000950

മുൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്ക് പുതിയ ചാമ്പ്യൻസ് ലീഗിൽ തുടക്കത്തിൽ തന്നെ തിരിച്ചടി. ഇന്ന് ക്രൊയേഷ്യൻ ക്ലബായ ഡൈനമോ സഗ്റബിനെ നേരിട്ട ചെൽസി മറുപടിയില്ലാത്ത ഒരു ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ചെൽസിയിൽ നിന്ന് ഈ സീസണിൽ ഇതുവരെ കണ്ട് അസ്ഥിരത തന്നെയാണ് ഇന്നും കാണാൻ ആയത്. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ ചെൽസിയുടെ മൂന്നാം പരാജയമാണിത്‌.

ചെൽസി

ഇന്ന് മത്സരത്തിന്റെ തുടക്കത്തിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഡൈനമോ ലീഡ് എടുത്തത്. 13ആം മിനുട്ടിൽ പെട്രോവിചിന്റെ ഫ്ലിക്ക് പാസ് സ്വീകരിച്ച് മുന്നേറിയ ക്രൊയേഷ്യൻ താരം ഒർസിച് ആണ് ആതിഥേയർക്ക് ലീഡ് നൽകിയത്‌. ഈ ഗോളിന് ശേഷം ഒരു ഗംഭീര ഡിഫൻസീവ് പ്രകടനം ആണ് ക്രൊയേഷ്യൻ ക്ലബിൽ നിന്ന് കണ്ടത്‌‌. ഗോൾകീപ്പർ ലിവകോവിചിന്റെ നല്ല സേവുകളും സഗ്രബിന് മൂന്ന് പോയിന്റ് സ്വന്തമാക്കാൻ സഹായകരമായി‌‌.

ചെൽസിക്ക് ഒപ്പം ഗ്രൂപ്പ് ഇയിൽ എ സി മിലാൻ, സാൽസ്ബർഗ് എന്നീ ടീമുകളും ഉണ്ട്.