പകിടയെറിഞ്ഞുള്ള ക്രിക്കറ്റ് കളി

20220906 235319

ലോകത്ത് മറ്റൊരു ടീമും പോകാത്ത വഴികളിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ആറു മാസമായി പോയി കൊണ്ടിരുന്നത് എന്നു ഇവിടെ ഒരിക്കൽ പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. ഇന്ന് അത് വഴി ടീം ഏകദേശം ഏഷ്യ കപ്പിൽ നിന്നും പുറത്തായപ്പോൾ അവരും ആ പറഞ്ഞതിനോട് സമ്മതിക്കുന്നുണ്ടാകും. ഇനി നമുക്ക് ഫൈനലിലേക്ക് കടക്കണമെങ്കിൽ കണക്കുകളുടെ കളിയുടെ സഹായം വേണ്ടി വരും, നമ്മുടെ പ്രകടനത്തിലേക്കാൾ മറ്റ്‌ ടീമുകൾ തമ്മിലുള്ള കളികളിലെ കണക്കുകളുടെ സഹായം.

20220906 235236

വേൾഡ് കപ്പിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെയാണ് ഇത് എന്നതാണ് ഇതിന്റെ സങ്കടകരമായ വശം. ഇത്രയും സമയമുണ്ടായിട്ടും, കുറഞ്ഞത് നാല് പരമ്പരകൾ എങ്കിലും കിട്ടിയിട്ടും നമുക്ക് വേൾഡ് കപ്പ് ജയിക്കാൻ തയ്യാറായ ഒരു ടീമിനെ ഇതു വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നത് കഷ്ടമാണ്. ടീം കോമ്പിനേഷൻ മാറ്റിയും മറിച്ചും കളിക്കാരിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച നടപടികൾ ഒരു ഗുണവും ചെയ്തില്ല എന്നു ഇന്ത്യൻ ക്രിക്കറ്റ് അഡ്മിനിസ്ട്രേഷനെ ആരു പറഞ്ഞു മനസ്സിലാക്കും? സൗത്ത് ആഫ്രിക്ക ഇന്ന് ടീമിനെ അനൗൺസ് ചെയ്തു കഴിഞ്ഞു എന്നോർക്കണം. പാക്കിസ്ഥാന്റെ ടീം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു, ശ്രീലങ്കൻ ടീമിലും കാര്യമായ മാറ്റം ഉണ്ടാകില്ല.

ഇന്ത്യയുടെ കാര്യം അങ്ങനെയല്ല, ഇപ്പഴും ബാറ്റിംഗ് ഓർഡറിൽ രാഹുൽ ഉണ്ടാകുമോ, ഡികെയുണ്ടാകുമോ, അഞ്ചാമൻ ആരാകും എന്നൊന്നും ഒരു ഉറപ്പുമില്ല. വിക്കറ്റ് കീപ്പർ ആരാണെന്നു പോലും തീരുമാനമായിട്ടില്ല. ബോളിംഗിൽ ബുംറയും ഷമിയും ഇപ്പോഴും പുറത്താണ്, അവരിൽ ആരൊക്കെ വരും ഇപ്പോഴുള്ള ആരൊക്കെ പോകും എന്നറിയില്ല. പറയാതെ വയ്യ, ദ്രാവിഡ് പകിടയെറിഞ്ഞു കളിക്കുകയാണ്.

Rohitsharmarahuldravid

വേൾഡ് കപ്പ് ഇത്ര അടുത്തു വന്നു നിൽക്കുമ്പോൾ ഒരു സെറ്റായ ടീമും, ഇത് പോലൊരു ടൂർണമെന്റിലെ വിജയവും എത്രമാത്രം ആത്മവിശ്വാസവും ടീം ഇന്ത്യക്ക് നൽകുമായിരുന്നു എന്ന് ദ്രാവിഡിനെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. പക്ഷെ ഒരു ആഗ്രസീവായ പദ്ധതി തയ്യാറാക്കുന്നതിനെതിരെ കോച്ച് ഒരു ‘മതിൽ’ തീർത്ത പ്രതീതിയാണ് നമുക്ക് കിട്ടുന്നത്.

ഇനിയുള്ള ഒരാഴ്ചക്കുള്ളിൽ സിലക്ടേഴ്‌സും ടീം മാനേജ്‌മെന്റും ഒരുമിച്ചിരുന്നു തുറന്ന മനസ്സോടെ ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കും എന്നു ആശിക്കാൻ മാത്രമേ നമുക്കിപ്പോൾ സാധിക്കൂ. ഇന്ത്യൻ ക്രിക്കറ്റ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നത് കൊണ്ടു പറയുകയാണ്, ഇടപെടലുകൾ ഉണ്ടാകും, അത് കാര്യങ്ങളെ കൂടുതൽ വഷളാക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കിൽ വേൾഡ് കപ്പിലും ഫലം മറിച്ചാകില്ല.