ബൊറൂസിയ ഡോർട്ട് മുണ്ടിന്റെ അമേരിക്കൻ വിങ്ങർ ക്രിസ്റ്റിയൻ പുലിസികിനെ സ്വന്തമാക്കാൻ ഒരുങ്ങി ചെൽസി. താരത്തിനായി ജനുവരിയിൽ 75 മില്യൺ പൗണ്ടോളം ചെൽസി വാഗ്ദാനം ചെയ്തതായാണ് വിവരം. പക്ഷെ ട്രാൻസ്ഫർ ജനുവരിയിൽ കരാർ ആയാലും താരം അടുത്ത സമ്മറിൽ മാത്രമേ ചെൽസിക്കായി കളിക്കൂ എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചെൽസി ഏറെ നാളായി നോട്ടമിട്ട താരമാണ് പുലിസിക്. ട്രാൻസ്ഫർ നടന്നാൽ ചെൽസിയുടെ എക്കാലത്തെയും വിലയേറിയ രണ്ടാമത്തെ തരമാകും അമേരിക്കക്കാരൻ. നേരത്തെ ഗോളി കെപ്പ അരിതബലാഗക്ക് വേണ്ടി ചെൽസി 76 മില്യൺ ചിലവഴിച്ചിരുന്നു.
നിലവിലെ ഡോർട്ട്മുണ്ട് കരാറിൽ കേവലം 18 മാസം ബാക്കിയുള്ള താരത്തെ വിൽക്കാൻ ഡോർട്ട്മുണ്ട് തയ്യാറാണ് എന്നാണ് വിവരം. പുതിയ കരാർ ഒപ്പിടാനുള്ള സന്നദ്ധത താരം പ്രകടിപ്പിച്ചിട്ടും ഇല്ല. ഈ ഒരു സാഹചര്യത്തിൽ താരത്തെ നീല പടക്ക് വിൽക്കാനാണ് അവരുടെ ശ്രമം. 20 വയസുകാരനായ താരം ലോകത്തെ മികച്ച ഭാവി വാഗ്ദാനങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഈഡൻ ഹസാർഡ് ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിട്ടേക്കും എന്ന വാർത്തകളും പുതിയ താരത്തെ സ്വന്തമാക്കാൻ ചെൽസിയെ പ്രേരിപ്പിക്കുന്നുണ്ട്. ലിവർപൂളും താരത്തിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്.