ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റാംഫോബ്രിഡ്ജിൽ ഇറങ്ങുകയാണ്. യൂറോപ്പിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ചെൽസിക്ക് മുന്നിൽ. കെയർ ടേക്കർ ആയ കാരിക്കിനെ വിശ്വസിച്ച് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുന്നത്. കാരിക്ക് ചുമതല വഹിച്ച വിയ്യറയലിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു. കാരിക്കിന് കീഴിൽ ഒരു ജയം കൂടെ നേടാൻ ആകുമെന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു.
എന്നാൽ ലീഗിൽ യുണൈറ്റഡിന് അത്ര നല്ല റെക്കോർഡ് അല്ല. പ്രത്യേകിച്ച് വലിയ ടീമുകൾക്ക് മുന്നിൽ. സിറ്റിയും ലിവർപൂളും ഒക്കെ യുണൈറ്റഡിനെ ദയനീയമായ രീതിയിൽ ആയിരുന്നു തോൽപ്പിച്ചത്. അവസാനം വാറ്റ്ഫോർഡിനോട് വരെ യുണൈറ്റഡ് നാണംകെട്ടിരുന്നു. മറുവശത്തുള്ള ചെൽസി ആകട്ടെ ലീഗിൽ അവരുടെ ആധിപത്യം തുടരാൻ ആണ് വരുന്നത്. ഇപ്പോൾ ലീഗിലെ ഒന്നാം സ്ഥാനക്കാരാണവർ. ആകെ ഒരു മത്സരം ആണ് അവർ പരാജയപ്പെട്ടത്. 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ വഴങ്ങിയത് 4 ഗോളുകൾ. യുണൈറ്റഡ് അവസാന ലീഗ് മത്സരത്തിൽ മാത്രം നാലു ഗോളുകൾ വഴങ്ങിയിട്ടുണ്ട്.
ഇന്ന് രാത്രി 10.0നാണ് മത്സരം നടക്കുന്നത്. കളി സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തത്സമയം കാണാം.