ലമ്പാർഡിനും ചെൽസിക്കും വീണ്ടും ഇത് നിരാശയുടെ ദിവസം. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ അവർ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ തകർന്ന് അടിഞ്ഞു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി പരാജയപ്പെട്ടത്. അവസാന ആറു പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇടയിൽ ലമ്പാർഡിന്റെ ടീമിന്റെ വിജയമില്ലാത്ത അഞ്ചാം മത്സരമാണിത്.
കൊറോണ കാരണം ആറോളം താരങ്ങൾ ഇല്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങിയത് എങ്കിലും അവരുടെ പ്രകടനത്തിന്റെ ശോഭ ഒരു താരത്തിന്റെ അഭാവവും കെടുത്തിയില്ല. ആദ്യ 34 മിനുട്ടുകൾക്ക് അകം തന്നെ മാഞ്ചസ്റ്റർ സിറ്റി മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 18ആം മിനുട്ടിൽ ഗുണ്ടോഗൻ ആണ് സിറ്റിയുടെ ആദ്യ ഗോൾ നേടിയത്. ഇടതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ ഫോഡന്റെ പാസു സ്വീകരിച്ച ഗുണ്ടോഗൻ ഒരു മനോഹര ടേണിന് ശേഷം വല കുലുക്കുക ആയിരുന്നു.
ഇതിനു പിന്നാലെ ഫോഡനിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. ഇത്തവണ അസിസ്റ്റ് ഒരുക്കിയത് ഡിബ്രുയിനായിരുന്നു. 34ആം മിനുട്ടിൽ ആണ് ഡിബ്രുയിന്റെ ഗോൾ വന്നത്. സ്റ്റെർലിംഗ് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ ഡിബ്രുയിന് റീബൗണ്ടിലൂടെ അനായാസം പന്ത് വലയിൽ എത്തിച്ചു. മത്സരത്തിൽ 92ആം മിനുട്ടിൽ ഹഡ്സൺ ഒഡോയി ആണ് ചെൽസിയുടെ ആശ്വാസ ഗോൾ നേടിയത്.
ഈ വിജയത്തോടെ സിറ്റി 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 26 പോയിന്റുള്ള ചെൽസി എട്ടാം സ്ഥാനത്താണ്.