ചെൽസിയുടെ തോമസ് ടൂഹലിന് കീഴിലെ അപരാജിത കുതിപ്പിന് അവസാനം. പ്രീമിയർ ലീഗിലെ റിലഗേഷൻ സോണിൽ ഉള്ള വെസ്റ്റ് ബ്രോമാണ് ചെൽസിയുടെ കഥ ഇന്നി കഴിച്ചത്. അതും ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാം ഫോർഡ് ബ്രിഡ്ജിൽ വെച്ച്. ബിഗ് സാമിന്റെ ടീം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. തിയാഗോ സിൽവ ചുവപ്പ് കാർഡ് വാങ്ങിയതാണ് മത്സരം ഫലം തന്നെ മാറ്റി മറിച്ചത്.
മത്സരം ചെൽസിയുടെ ആധിപത്യത്തോടെ ആയിരുന്നു മത്സരം ആരംഭിച്ചത്. 27ആം മിനുട്ടിൽ പുലിസിചിലൂടെ ചെൽസി തന്നെ ആണ് ലീഡ് എടുത്തത്. മൗണ്ടിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പുലിസിച് പന്ത് വലയിലേക്ക് തട്ടി ഇടുക ആയിരുന്നു. ആ ഗോളിൽ ചെൽസി സമാധാനത്തിൽ പോകുമ്പോൾ ആണ് ഡിഫൻഡർ തിയാഗോ സില്വയുടെ ഒരു ആവശ്യവുമില്ലാത്ത ഫൗൾ വന്നത്. 29ആം മിനുട്ടിലെ ഫൗൾ സിൽവക്ക് ചുവപ്പ് വാങ്ങിക്കൊടുത്തു. അതോടെ കളി മാറി.
വെസ്റ്റ് ബ്രോം പൂർണ്ണമായി അറ്റാക്കിലേക്ക് നീങ്ങി. 45ആം മിനുട്ടിൽ ഒരു ചിപ്പ് ഫിനിഷിലൂടെ മാത്യാസ് പെരേര സമനില കണ്ടെത്തി. ഹാഫ് ടൈം വിസിലിനു മുന്നെ രണ്ടാമതും പെരേരയുടെ ഗോൾ. വെസ്റ്റ് ബ്രോം 2-1നു മുന്നിൽ. രണ്ടാം പകുതിയിലും വെസ്റ്റ് ബ്രോം അറ്റാക്ക് തുടർന്നു. 63ആം മിനുട്ടിൽ കാലം റോബിൻസന്റെ മനോഹര വോളി. വെസ്റ്റ് ബ്രോമിന്റെ മൂന്നാം ഗോളിൽ കലാശിച്ചു. തൊട്ടു പിന്നാലെ ഒരു ടീം ഗോൾ ഡിയാഗ്നെ ഫിനിഷ് ചെയ്തു. 68ആം മിനുറ്റിൽ 4-1. മൗണ്ടിലൂടെ ഒരു ഗോൾ ചെൽസി മടക്കി എങ്കിലും റോബിൻസന്റെ രണ്ടാം ഗോളോടെ കളി 5-2 എന്ന സ്കോറിൽ ഫിനിഷ് ചെയ്തു.
ഈ പരാജയം ചെൽസിയുടെ നാലാം സ്ഥാനം ഭീഷണിയിൽ ആക്കി. ഇപ്പോൾ 30 മത്സരങ്ങളിൽ നിന്ന് 51 പോയിന്റാണ് ചെൽസിക്ക് ഉള്ളത്. ഇന്ന് വിജയിച്ചു എങ്കിലും ഇപ്പോഴും വെസ്റ്റ് ബ്രോം 19ആം സ്ഥാനത്ത് നിൽക്കുകയാണ്.