അവസരങ്ങൾ തുലച്ച ചെൽസിക്ക് ബേർൺലിയുടെ സമനില കൊട്ട്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിക്ക് നിരാശ നിറഞ്ഞ സമനില. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ വെച്ച് ബേർൺലിയെ നേരിട്ട ടൂഷലിന്റെ ടീം 1-1ന്റെ സമനില ആണ് വഴങ്ങിയത്‌. കിട്ടിയ അവസരങ്ങൾ മുതലെടുക്കാത്തതിന് ചെൽസി കൊടുക്കേണ്ടി വന്ന വലിയ വിലയാണ് ഈ സമനില. ബേർൺലി കീപ്പർ നിക്ക് പോപിന്റെ ഗംഭീര പ്രകടനം ബേർൺലിയുടെ ഒരു പോയിന്റിൽ നിർണായകമായി

മത്സരത്തിൽ ആദ്യ നിമിഷങ്ങൾ മുതൽ തന്നെ ചെൽസി അവസരങ്ങൾ സൃഷ്ടിച്ചു. ഒഡോയിയുടെ ഷോട്ടിൽ നിന്ന് പോപിന്റെ നല്ല സേവോടെ ആയിരുന്നു ചെൽസിയുടെ അറ്റാക്കുകൾ തുടങ്ങിയത്. പിന്നാലെ ഏഴാം മിനുട്ടിൽ ക്രിസ്റ്റ്യൻസന്റെ ഹെഡറും ഗോളിന് അടുത്തൂടെ പോയി. ജോർഗീനോയുടെ ഷോട്ടിൽ നിന്നുൾപ്പെടെ രണ്ട് നല്ല സേവുകൾ കൂടെ ആദ്യ പകുതിയിൽ പോപ് നടത്തി. അവസാനം 33ആം മിനുട്ടിൽ അവർ ഗോൾ കണ്ടെത്തി. ഇടത് വിങ്ങിൽ നിന്ന് റീസ് ജെയിംസിന്റെ ക്രോസിൽ നിന്ന് ഒരു ഫ്രീ ഹെഡറിലൂടെ ഹവേർട്സ് ചെൽസിക്ക് ലീഡ് നൽകി.

ഇതിനു ശേഷം രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് തിയാഗോ സിൽവയുടെ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങുന്നതും കണ്ടു. നിരവധി അവസരങ്ങൾ കളഞ്ഞതിന് ചെൽസി അവസാനം വില കൊടുക്കേണ്ടി വന്നു. 80ആം മിനുട്ടിൽ സ്റ്റാംഫോബ്രിഡ്ജിനെ ഞെട്ടിച്ചു കൊണ്ട് ബേർൺലി സമനില നേടി. റോദ്രിഗസിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ വൈദ്ര ആണ് ബേർൺലിക്ക് സമനില നൽകിയത്. വൈദ്ര 18 മത്സരങ്ങൾക്ക് ശേഷമാണ് ബേർൺലിക്കായി ഒരു ഗോൾ നേടുന്നത്.

ഈ സമനില ചെൽസിയെ 26 പോയിന്റുമായി ഒന്നാമത് നിർത്തുന്നുണ്ട്. ബേർൺലി എട്ടു പോയിന്റുമായി ഇപ്പോഴും റിലഗേഷൻ സോണിലാണ്.