സ്റ്റാംഫോ ബ്രിഡ്ജിൽ ഇന്ന് ബ്രെന്റ്ഫോർഡ് നടത്തിയ പോരാട്ടം ചെൽസിയെ ആകെ വിറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ചെൽസിയെ തോൽപ്പിക്കാൻ ബ്രെന്റ്ഫോർഡിനായി. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ബ്രെന്റ്ഫോർഡ് തിരിച്ചടിച്ചത്. ആദ്യ പകുതിയിൽ തന്നെ ചെൽസിക്ക് എതിരെ ഗോൾ നേടാൻ ബ്രെന്റ്ഫോർഡിന് സുവർണ്ണാവസരങ്ങൾ ലഭിച്ചിരുന്നു. എങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ കളിക്ക് ചൂടു പിടിച്ചു. റൂദിഗറിന്റെ ലോകോത്തര സ്ട്രൈക്ക് ചെൽസിക്ക് ലീഡ് നൽകി. ഈ സീസൺ കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായിരുന്നു ഇത്. പക്ഷെ ആ ഗോളിന്റെ ആഘോഷം നിമിഷങ്ങൾ മാത്രമെ നീണ്ടു നിന്നുള്ളൂ. 50ആം മിനുട്ടിൽ ബ്രെന്റ്ഫോർഡിന്റെ സമനില വന്നു. ജാനറ്റിന്റെ ഇടം കാലൻ സ്ട്രൈക്കാണ് ബ്രെന്റ്ഫോർഡിന് സമനില നൽകിയത്.
54ആം മിനുട്ടിൽ എറിക്സൺ ചെൽസിയെ ഞെട്ടിച്ചു കൊണ്ട് രണ്ടാം ഗോൾ നേടി ഒരു കൗണ്ടർ അറ്റാക്കിന് ഒടുവിലായിരുന്നു എറിക്സന്റെ ഗോൾ. ഇതിനു ശേഷം 61ആം മിനുട്ടിൽ വീണ്ടും ജാനെൽട്ട് വീണ്ടും ചെൽസിയുടെ പ്രതിരോധം തകർത്ത് ഗോളടിച്ചു. സ്കോർ ബ്രെന്റ്ഫോർഡിന് അനുകൂലമായി 3-1.
ഇതിനു ശേഷം ചെൽസി മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 86ആം മിനുട്ടിൽ വിസ്സയിലൂടെ നാലാം ഗോൾ കൂടെ വന്നതോടെ ബ്രെന്റ്ഫോർഡ് വിജയം ഉറപ്പായി.
ചെൽസിയുടെ പ്രീമിയർ ലീഗ് സീസണിലെ നാലാം പരാജയം മാത്രമാണിത്. 29 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി ചെൽസി ഇപ്പോൾ മൂന്നാമത് നിൽക്കുകയാണ്. ബ്രെന്റ്ഫോർഡ് 33 പോയിന്റുമായി പതിനാലാം സ്ഥാനത്തും നിൽക്കുന്നു.