ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായി ഫ്രാങ്ക് ലംപാർഡും ഗുരു മൗറീഞ്ഞോയും നേർക്കുനേർ വന്നപ്പോൾ ജയം ഫ്രാങ്ക് ലംപാർഡിന് ഒപ്പം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ചെൽസി സ്പർസിനെ അവരുടെ മൈതാനത്ത് ചെന്ന് തോൽപ്പിച്ചത്. ജയത്തോടെ 32 പോയിന്റുള്ള ചെൽസി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരും.
മൗറീഞ്ഞോ- ലംപാർഡ് പോരാട്ടം എന്നത് കൊണ്ട് ഏറെ ശ്രദ്ധേയമായ മത്സരത്തിൽ ടീമിൽ അപ്രതീക്ഷിത മാറ്റങ്ങളുമായാണ് ലംപാർഡ് ടീമിനെ ഇറക്കിയത്. 3 സെൻട്രൽ ഡിഫൻഡേഴ്സിനെ ഇറക്കിയ ലംപാർഡ് ആലോൻസോ, മൌണ്ട് എന്നിവരെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. കളിയുടെ 12 ആം മിനുട്ടിൽ കോവാചിച്ചിന്റെ പാസ് കിടിലൻ ഫിനിഷിൽ ഗോളാക്കി വില്ലിയനാണ് തന്റെ മുൻ പരിശീലകന് ആദ്യ തിരിച്ചടി സമ്മാനിച്ചത്. പിന്നീട് ആദ്യ പകുതി പിരിയും മുൻപ് ആലോൻസോയെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി വീണ്ടും വില്ലിയൻ തന്നെ ചെൽസിയുടെ താരമായി. സ്കോർ 2-0.
രണ്ടാം പകുതിയിൽ സ്പർസ് ഗോളിനായി ആഞ്ഞു ശ്രമിച്ചതോടെ കളി പരുക്കനായി. 61 ആം മിനുട്ടിൽ റൂഡിഗറിനെ സോണ് ഫൗൾ ചെയ്തതിന് പിന്നെലെ VAR താരത്തിന് ചുവപ്പ് കാർഡ് വിധിച്ചു. പിന്നീട് റൂഡിഗറിന്റെ നേരെ സ്പർസ് ആരാധകർ വംശീയ അധിക്ഷേപവും നടത്തി. ഇതോടെ റഫറി ഇടപെട്ട് കളി അൽപ നേരം നിർത്തി. പിന്നീടും സ്റ്റേഡിയത്തിൽ റെസിസത്തിന് എതിരെ അനൗൻസ്മെന്റ് നടത്തി. 8 മിനുട്ട് ഇഞ്ചുറി ടൈം റഫറി നൽകിയെങ്കിലും മത്സരത്തിൽ ഒന്നും ചെയ്യാൻ സ്പർസിനായില്ല.