ഫ്രാങ്ക് ലമ്പാഡിന് തന്റെ മുൻ ക്ലബിനെ തോൽപ്പിക്കാൻ ആയില്ല. ഇന്ന് എവർട്ടൺ സ്വന്തം ഹോം ഗ്രൗണ്ടിൽ ചെൽസിയോട് പരാജയപ്പെട്ടു. ഏക ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ഒരു പെനാൾട്ടി കിക്കിലൂടെ നേടിയ ഗോളാണ് ചെൽസിക്ക് ഇന്ന് മൂന്ന് പോയിന്റ് നൽകിയത്.
ഇന്ന് ഗുഡിസൻ പാർക്കിൽ ചെൽസിക്ക് അവരുടെ കഴിഞ്ഞ സീസണിലെ താളം ഉണ്ടായിരുന്നില്ല. കുറേയേറെ കോർണറുകൾ വഴങ്ങി എങ്കിലും ആദ്യ പകുതിയിൽ ചെൽസിയെ പിടിച്ചു കെട്ടാൻ എവർട്ടണായി. പക്ഷെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ അനാവശ്യമായി ഒരു പെനാൾട്ടി സമ്മാനിച്ച് എവർട്ടൺ ചെൽസിക്ക് കളിയിൽ മുൻതൂക്കം നൽകി. പെനാൾട്ടി എടുത്ത ജോർഗീഞ്ഞോയ്ക്ക് ഒട്ടും പിഴച്ചില്ല. പിക്ക്ഫോർഡിനെ എതിർ ദിശയിലേക്ക് പറഞ്ഞയച്ച് ജോർഗീഞ്ഞോ ചെൽസിയുടെ സീസണിലെ ആദ്യ ഗോൾ നേടി.
രണ്ടാം പകുതിയിൽ എവർട്ടൺ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ചെൽസി പ്രതിരോധം കീഴ്പ്പെടുത്തി ഒരു ഗോൾ നേടാൻ എവർട്ടണായില്ല. അറ്റാക്കിൽ കാൾവട്ട് ലൂയിന്റെ അഭാവം എവർട്ടണെ കാര്യമായി ബാധിച്ചു.
ചെൽസിക്ക് ആയി ഇന്ന് സ്റ്റെർലിങും കൗലിബലിയും കുകുറേയയും അരങ്ങേറ്റം കുറിച്ചു. കൗലിബലിക്ക് രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്ത് പോകേണ്ടതായും വന്നു. മൂന്ന് പുതിയ താരങ്ങളും നല്ല പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു.
NB: കോപിയടിക്കുന്നവർ ക്രെഡിറ്റ് വെക്കാനുള്ള മര്യാദ കാണിക്കണെ. നന്ദി
Story Highlight: Chelsea beat Everton, thanks to a first half penalty