ലാ ലീഗയിൽ കുതിപ്പ് തുടരുന്ന അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയ അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. നേരത്തെ ആദ്യ പാദത്തിൽ 1-0ന്റെ വിജയം സ്വന്തമാക്കിയ ചെൽസി രണ്ട് പാദത്തിലും കൂടി 3-0ന്റെ ജയം സ്വന്തമാക്കിയാണ് ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഉറപ്പിച്ചത്. 2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്.
ചെൽസിക്ക് വേണ്ടി ആദ്യ പകുതിയിൽ ഹകീം സീയെച് ആണ് ഗോൾ നേടിയത്. ഹാവേർട്സ് തുടങ്ങി വെച്ച കൗണ്ടർ അറ്റാക്കിൽ വെർണറിന്റെ പാസ് സ്വീകരിച്ചാണ് ഹകീം സീയെച് ഗോൾ നേടിയത്. തുടർന്ന് മത്സരത്തിന്റെ 81ആം മിനുട്ടിൽ അത്ലറ്റികോ മാഡ്രിഡ് താരം സാവിച്ച് ചുവപ്പ് കാർഡ് കണ്ടുപുറത്തുപോയതോടെ 10 പേരുമായാണ് അത്ലറ്റികോ മാഡ്രിഡ് മത്സരം പൂർത്തിയാക്കിയത്. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ എമേഴ്സൺ തന്റെ ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി അത്ലറ്റികോക്ക് ചാമ്പ്യൻസ് ലീഗിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു.