ടീമിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ലുകാകു നിറഞ്ഞാടിയപ്പോൾ ആസ്റ്റൺ വില്ലക്കെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുകാകുവാണ് ചെൽസിക്ക് ജയം നേടിക്കൊടുത്തത്. ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടുകയും മൂന്നാമത്തെ ഗോളിന് പെനാൽറ്റി നേടികൊടുക്കുകയും ചെയ്ത ലുകാകുവാണ് ചെൽസിയുടെ ജയത്തിൽ നിർണായകമായത്. പരിക്കും കോവിഡ് വൈറസ് ബാധയും മൂലം ലുകാകു ദീർഘ കാലമായി ലുകാകു ആദ്യ ഇലവനിൽ നിന്ന് പുറത്തായിരുന്നു.
ആദ്യ പകുതിയിൽ കളിയുടെ ഗതിക്ക് വിപരീതമായി ആസ്റ്റൺ വിലയാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. ടാർഗെറ്റിന്റെ ക്രോസ് ചെൽസി താരം റീസ് ജയിംസിന്റെ തലയിൽ തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. എന്നാൽ അധികം താമസിയാതെ ജോർഗീനോയുടെ പെനാൽറ്റി ഗോളിൽ ചെൽസി മത്സരത്തിൽ സമനില പിടിച്ചു. ഹഡ്സൺ ഒഡോയിയെ ആസ്റ്റൺ വില്ല താരം ക്യാഷ് ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ജോർഗീനോ ചെൽസിക്ക് സമനില നേടിക്കൊടുത്തത്.
തുടർന്ന് രണ്ടാം പകുതിയിൽ പരിക്കേറ്റ ചാലോബക്ക് പകരമായി ലുകാകു വന്നതോടെ ആസ്റ്റൺ വില്ല പ്രതിരോധം കൂടുതൽ പരീക്ഷിക്കപെടാൻ തുടങ്ങി. തുടർന്നാണ് ഹഡ്‌സൺ ഒഡോയുടെ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡറിലൂടെ ലുകാകു ചെൽസിയെ മുൻപിൽ എത്തിച്ചത്. സെപ്റ്റംബറിന് ശേഷമുള്ള ലുകാകുവിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. തുടർന്ന് മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോൾ നേടാൻ ആസ്റ്റൺ വില്ല ശ്രമിക്കുന്നതിന് ഇടയിലാണ് ചെൽസിക്ക് വേണ്ടി ലുകാകു പെനാൽറ്റി നേടികൊടുക്കുന്നത്. മത്സരത്തിൽ രണ്ടാം തവണയും പെനാൽറ്റിയെടുത്ത ജോർഗീനോ ആസ്റ്റൺ വില്ല ഗോൾ കീപ്പർ എമി മാർട്ടിനസിന് ഒരു അവസരവും നൽകാതെ ഗോൾ നേടുകയായിരുന്നു.