മസോകോയുടെ അത്ഭുത ഗോളിന് മുന്നിൽ ചെൽസി വീണു, ഡേവിഡ് മോയ്സ് മാജിക്കിൽ വെസ്റ്റ് ഹാം

Newsroom

ഡേവിഡ് മോയ്സിന്റെ വെസ്റ്റ് ഹാം മറ്റൊരു വലിയ ടീമിനെ കൂടെ വിറപ്പിച്ചിരിക്കുകയാണ്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസി ആണ് ഇന്ന് വെസ്റ്റ് ഹാമിന് മുന്നിൽ പതറിയത്. വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 3-2ന് വിജയിക്കാൻ വെസ്റ്റ് ഹാമിനായി. രണ്ട് തവണ ചെൽസി ലീഡ് എടുത്തിട്ടും തിരിച്ചടിച്ചു ജയിക്കാൻ വെസ്റ്റ് ഹാമിനായി. 28ആം മിനുട്ടിൽ വിശ്വസ്തനായ തിയാഗോ സിൽവ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. മേസൺ മൗണ്ട് എടുത്ത കോർണറിൽ നിന്നായിരുന്നു സിൽവ ഗോൾ കണ്ടെത്തിയത്.

ഇതിന് ഒരു പെനാൾട്ടിയിലൂടെ ആദ്യ പകുതി അവസാനിക്കും മുമ്പ് മറുപടി നൽകാൻ വെസ്റ്റ് ഹാമിനായി. 40ആം മിനുട്ടിൽ ചെൽസിയുടെ മെൻഡിക്ക് പറ്റിയ അബദ്ധം ഒരു പെനാൾട്ടിയിൽ കലാശിച്ചു. പെനാൾട്ടി എടുത്ത ലാൻസിനി എളുപ്പത്തിൽ ലക്ഷ്യം കണ്ടു. 44ആം മിനുട്ടിൽ മൗണ്ടിന്റെ ഒരു വോളി ചെൽസിയെ വീണ്ടും മുന്നിൽ എത്തിച്ചു. സിയെചിന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ.

രണ്ടാം പകുതിയിൽ വീണ്ടും മോയ്സിന്റെ ടീം പൊരുതി. 56ആം മിനുട്ടിൽ സൗഫലിന്റെ പാസിൽ നിന്ന് ബൗവൻ വെസ്റ്റ് ഹാമിന്റെ രണ്ടാം ഗോൾ നേടി. സ്കോർ 2-2. കളി സമനിലയിലേക്ക് പോവുകയാണ് എന്ന് തോന്നിയ നിമിഷത്തിലാണ് മസൗകയുടെ അത്ഭുത ഗോൾ വരുന്നത്. 87ആം മിനുട്ടിൽ 3-2.

ഈ വിജയത്തോടെ വെസ്റ്റ് ഹാമിന് 15 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായി. വെസ്റ്റ് ഹാം നാലാം സ്ഥാനത്ത് നിൽക്കുകയാണ്. 33 പോയിന്റുമായി ചെൽസി ഒന്നാമത് നിൽക്കുക ആണെങ്കിലും ചെൽസിയുടെ ഒന്നാം സ്ഥാനത്തിന് ഈ പരാജയം ഭീഷണിയാണ്.