മറുപടി ഇല്ലാതെ ന്യൂസിലാൻഡ്, വമ്പൻ ലീഡുമായി ഇന്ത്യ

Staff Reporter

ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ന്യൂസിലാൻഡിനെ ആദ്യ ഇന്നിങ്സിൽ വെറും 62 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 69 റൺസ് എടുത്തിട്ടുണ്ട്. 38 റൺസുമായി മായങ്ക് അഗർവാളും 29 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ ഉള്ളത്. ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ശുഭ്മൻ ഗില്ലിന് പകരമായാണ് ചേതേശ്വർ പൂജാര ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.

നിലവിൽ ഇന്ത്യക്ക് 332 റൺസിന്റെ ലീഡ് ആണ് ഉള്ളത്. ഇന്ത്യൻ ആധിപത്യം കണ്ട മത്സരത്തിൽ ന്യൂസിലാൻഡിനു അനുകൂലമായ ഒരു ഫലം ലഭിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും. പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രം രചിച്ച അജാസ് പട്ടേലിന്റെ പ്രകടനം മാത്രമാണ് ഈ ടെസ്റ്റിൽ ന്യൂസിലാൻഡിന് ആശ്വസിക്കാൻ വകയായി ഉള്ളത്.