സമീപകാലത്ത് നേരിട്ട തിരിച്ചടികളും നിരാശകളും മറക്കാൻ സമയം ആയെന്ന് ഫെരാരിക്ക് തോന്നാൻ തുടങ്ങിയാൽ അവരെ കുറ്റം പറയാൻ ആവില്ല, എന്ത് കൊണ്ടെന്നാൽ ഇതിഹാസങ്ങൾ ഡ്രൈവ് ചെയ്ത ആ ചുവപ്പ് കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് അവർക്ക് പുതിയൊരു രാജകുമാരനെ ലഭിച്ചിരിക്കുന്നു. മൊണോക്കക്കാരൻ ആയ 21 കാരൻ ചാൾസ് ലെക്ലെർക്ക് ആണ് ആ പുതിയ താരോദയം. കഴിഞ്ഞ തവണ ബെൽജിയത്ത് ആദ്യ ഗ്രാന്റ് പ്രീ ജയം കണ്ണീര് തുടച്ച് ആഘോഷിച്ച ലെക്ലെർക്ക് ഇത്തവണ ജയം നന്നായി തന്നെ ആഘോഷിച്ചു. തന്റെ കരിയറിലെ തുടർച്ചയായ രണ്ടാം ജയം അതും ഫെരാരിയുടെ ജന്മനാട്ടിൽ കുറിച്ചു ലെക്ലെർക്ക്. 2010 ൽ ആലോൺസോക്ക് ശേഷം ആദ്യമായാണ് ഒരു ഫെരാരി ഡ്രൈവർ ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിക്കുന്നത്. ഫെരാരിക്കായി ഇറ്റാലിയൻ ഗ്രാന്റ് പ്രീ ജയിച്ച ഇതിഹാസങ്ങളുടെ ലിസ്റ്റിലേക്ക് കയറാനും യുവ ഡ്രൈവർക്ക് ജയത്തോടെ ആയി.
പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ലെക്ലെർക്കിനെ രണ്ടാമത് തുടങ്ങിയ മെഴ്‌സിഡസിന്റെ ഹാമിൾട്ടനും മൂന്നാമത് തുടങ്ങിയ ബോട്ടാസും ഒരു ടീം ആയി തുടർച്ചയായി ആക്രമിക്കുന്നത് ആണ് റേസിൽ കണ്ടത്. ലെക്ലെർക്കിന് ആദ്യം ഹാമിൾട്ടൻ നിരന്തരം ഭീഷണി ഉയർത്തിയപ്പോൾ പിന്നീട് ബോട്ടാസ് ആ സ്ഥാനം ഏറ്റെടുത്തു. എന്നാൽ അനുഭവസമ്പന്നനായ ഒരു ഡ്രൈവറെ പോലെ റേസ് ചെയ്ത ലെക്ലെർക്ക് ഇവരുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് ജയം സ്വന്തമാക്കിയപ്പോൾ ഗാലറി നിറഞ്ഞ ഫെരാരി ആരാധകർക്ക് അത് ആഘോഷിക്കാനുള്ള വക നൽകി. ബോട്ടാസ് രണ്ടാമതും ഹാമിൾട്ടൻ മൂന്നാമതും എത്തി. നേരത്തെ ആദ്യ ലാപ്പിൽ തന്നെ കാറിന് പ്രശ്നം നേരിട്ട ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ ഒരു ഘട്ടത്തിൽ അവസാനസ്ഥാനത്ത് പോയെങ്കിലും പിന്നീട് 13 സ്ഥാനത്തേക്ക് എത്തി. 19 മതായി തുടങ്ങിയ റെഡ് ബുള്ളിന്റെ മാർക്ക് വെർസ്റ്റാപ്പൻ 8 മത് എത്തിയതും ശ്രദ്ധേയമായി. മികച്ച റേസ് ആണ് ഡച്ച് താരം പുറത്തെടുത്തത്.
ജയത്തോടെ ഡ്രൈവർമാരുടെ ലോകചാമ്പ്യൻഷിപ്പിൽ നാലാമത് എത്താനും ലെക്ലെർക്കിന് ആയി. ഇപ്പോഴും 63 പോയിന്റുകൾ ബോട്ടാസിനെക്കാൾ മുന്നിലുള്ള ലൂയിസ് ഹാമിൾട്ടൻ ഡ്രൈവർമാരിൽ വളരെ മുന്നിൽ തന്നെയാണ്. വേർസ്റ്റാപ്പൻ ആണ് മൂന്നാം സ്ഥാനത്ത്. കാറുടമകളുടെ മത്സരത്തിൽ മെഴ്‌സിഡസ് ബഹുദൂരം മുന്നിലാണ്. എന്നാൽ സമീപകാലത്തെ മെഴ്‌സിഡസിന്റെ ആധിപത്യത്തിനു വലിയ ഭീഷണി ആവും ചാൾസ് ലെക്ലെർക്കിലൂടെ ഫെരാരി അടുത്ത സീസൺ മുതൽ ഉയർത്തുക എന്നുറപ്പാണ്. നിക്കി ലൗഡ, മൈക്കൾ ഷുമാർക്കർ തുടങ്ങിയ ഫെരാരി ഇതിഹാസങ്ങളുടെ നിരയിലേക്ക് ഉയരാൻ ചാൾസ് ലെക്ലെർക്കിന് ആവുമോ എന്നത് തന്നെയാവും ഫോർമുല വൺ റേസിൽ സമീപഭാവിയിൽ ഉയർന്നു കേൾക്കാൻ പോകുന്ന പ്രധാനചോദ്യം.