അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും വമ്പൻ മാറ്റങ്ങൾ വരുത്തി യുവേഫ. വർഷങ്ങളായി നിലവിൽ ഉണ്ടായിരുന്ന എവേ ഗോൾ നിയമം ആണ് യുവേഫ അടുത്ത സീസൺ മുതൽ ഒഴിവാക്കിയത്. 1965ലാണ് എവേ ഗോൾ നിയമം നിലവിൽ വന്നത്.
എവേ ഗോൾ എന്തിന് കൊണ്ട് വന്നോ അതിന് എതിരായ രീതിയിലാണ് അത് ഉപയോഗിക്കപ്പെടുന്നതെന്നും അത്കൊണ്ടാണ് അത് ഒഴിവാക്കുന്നതെന്നും യുവേഫ പ്രസിഡണ്ട് അലക്‌സാണ്ടർ സെഫെറിൻ പറഞ്ഞു. ഹോം ലെഗ് മത്സരങ്ങളിൽ ഗോൾ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിക്കാൻ മടി കാണിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ വേണ്ടിയാണ് എവേ ഗോൾ നിയമം ഒഴിവാക്കുന്നതെന്നും സെഫറിൻ പറഞ്ഞു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ രണ്ട് പാദങ്ങളിലെയും സ്കോർ സമനിലയിൽ അവസാനിച്ചാൽ മത്സരം എക്സ്ട്രാ ടൈമിലേക്കും തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തുടർന്നാൽ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്കും നീങ്ങും.