സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. താരം തന്നെ ഇന്ന് ഔദ്യോഗികമായി വിരമില്ലൽ പ്രഖ്യാപിച്ചു. പോർട്ടോയുടെ സീസൺ അവസാനിച്ച് കിരീടം ഉയർത്തിയതിനു പിന്നാലെയാണ് കസയസ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സീസൺ മധ്യത്തിൽ വെച്ച് ഹൃദയാഘാതം നേരിട്ട കസിയസ് അതിനു ശേഷം കളത്തിൽ ഇറങ്ങിയിട്ടില്ല.
താരം ഇനി റയൽ മാഡ്രിഡിൽ തിരികെ ചെന്ന് റയൽ ക്ലബിന്റെ മാനേജ്മെന്റിനൊപ്പം പ്രവർത്തിക്കും എന്നാണ് അറിയാൻ കഴിയുന്നത്. 39കാരനായ കസിയസ് അവസാന 5 വർഷമായി പോർട്ടോയിലാണ് കളിക്കുന്നത്. പോർട്ടോക്ക് ഒപ്പം നാലു കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് ആയി. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം, ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുള്ള താരം എന്നിങ്ങനെ വലിയ റെക്കോർഡുകൾ കസിയസിന്റെ പേരിലുണ്ട്.
റയൽ മാഡ്രിഡിനൊപ്പം അഞ്ച് ലാലിഗയും രണ്ട് ചാമ്പ്യൻസ് ലീഗും കസിയസ് നേടിയിട്ടുണ്ട്. 25 വർഷങ്ങളോളം റയലിനൊപ്പം ഉണ്ടായിരുന്ന അദ്ദേഹം 19 കിരീടങ്ങൾ റയലിനൊപ്പം നേടി. സ്പെയിൻ ദേശീയ ടീമിനൊപ്പം ലോകകപ്പ്, യൂറോ കപ്പ് എന്നിവയും കസിയസ് നേടിയിട്ടുണ്ട്.