ഈ അവസ്ഥയിൽ ഒളിമ്പിക്സിന് ടീമിനെ അയക്കില്ല, ഉറച്ച തീരുമാനവുമായി കാനഡ

Photo: Twitter/@Tokyo2020

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒളിമ്പിക്സിന് ടീമിനെ അയക്കേണ്ടെന്ന ഉറച്ച തീരുമാനവുമായി കാനഡ. നിലവിൽ ഒളിമ്പിക്സ് മത്സരങ്ങൾ മാറ്റിവെക്കണമെന്ന നിർദേശങ്ങൾ പലരും മുന്നോട്ട് വെക്കുന്നതിന്റെ സാഹചര്യത്തിലാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നില്ലെന്ന് കാനഡ പ്രഖ്യാപിച്ചത്. കാനേഡിയൻ ഒളിമ്പിക്സ് കമ്മിറ്റിയും കാനേഡിയൻ പാരാലിമ്പിക് കമ്മിറ്റിയും ചേർന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം അറിയിച്ചത്. ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കണമെന്ന ആവശ്യവും കാനഡ ഉന്നയിക്കുന്നുണ്ട്.

നിലവിൽ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയാമെന്നും എന്നാൽ കായിക താരങ്ങളുടെയും ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയുമാണ് ഇതിനേക്കാൾ വലുതെന്ന് പ്രസ്താവനയിൽ കാനഡ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ജപ്പാനിൽ നടക്കേണ്ട ഈ തവണത്തെ ഒളിമ്പിക്സ് മാറ്റിവെക്കാൻ ഇന്റർനാഷണൽ ഒളിമ്പിക്സ് അസോസിയേഷന്റെ മേൽ കടുത്ത സമ്മർദ്ദമുയരും. നിലവിൽ തീരുമാനിച്ച പ്രകാരം ജൂലൈ 24നാണ് ഒളിമ്പിക്സ് തുടങ്ങേണ്ടിയിരുന്നത്.

Previous articleശമ്പളം വെട്ടികുറക്കാൻ തയ്യാറായി ബാഴ്സലോണ താരങ്ങൾ
Next article“ഇബ്രയ്ക്ക് പകരക്കാരൻ ആവാൻ ചിചാരിറ്റോയ്ക്ക് ആകില്ല”