ഫ്രഞ്ച് യുവതാരം എഡ്വാർഡോ കമാവിംഗയെ സ്വന്തമാക്കി റയൽ മാഡ്രിഡ്. ഫ്രഞ്ച് ക്ലബ്ബായ റെന്നെസിൽ നിന്നും 31 മില്ല്യണും ആഡ് ഓൺസും നൽകിയാണ് റയൽ കമാവിംഗയെ ടീമിൽ എത്തിച്ചത്. 2026വരെയുള്ള കരാറിലാണ് താരം ഒപ്പ് വെച്ചത്. പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വമ്പന്മാരെ തഴഞ്ഞാണ് കമാവിംഗ ലാ ലീഗ ക്ലബ്ബിലേക്ക് എത്തുന്നത്.
ഒരു വർഷത്തിലേറെയായി നടക്കുന്ന ട്രാൻസ്ഫർ ചർച്ചകൾക്കൊടുവിലാണ് കമാവിംഗ സാന്റിയാഗോ ബെർണബ്യൂവിൽ എത്തുന്നത്. 16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്തിയ കാമവിംഗ കഴിഞ്ഞ സീസണുകളിലെ റെന്നെസിന്റെ പ്രകടനനങ്ങളിൽ വലിയ പങ്കു വഹിച്ചിരുന്നു. റെന്നെസിന്റെ ചരിത്രത്തിലെ ആദ്യമായ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും കാമവിംഗയ്ക്ക് വലിയ റോൾ ഉണ്ടായിരുന്നു.
റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം പിന്നീട് സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായി. ഇതിനകം റെന്നെസിനായി 70ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് അണ്ടർ 21 ടീമിലും, സീനിയർ ടീമിലും താരം എത്തിയിട്ടുണ്ട്.യുവേഫ നേഷൻസ് ലീഗിൽ ഫ്രഞ്ച് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.