ഒരു എട്ടു മിനുട്ടിന് ഇടയിൽ പിറന്ന മൂന്നു ഗോളുകളുടെ മികവിൽ ബാഴ്സലോണയ്ക്ക് വിജയം. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ സെവിയ്യയെ ആണ് ബാഴ്സലോണ തോൽപ്പിച്ചത്. ക്യാമ്പ്നൂവിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്സലോണയുടെ വിജയം. മെസ്സി ഗോൾ നേടിയില്ല എന്ന നിരാശയും ബാഴ്സലോണക്ക് ഇന്ന് മാറി.
ആദ്യ പകുതിയിൽ അത്ര മികച്ച രീതിയിൽ തുടങ്ങാൻ ബാഴ്സക്കായില്ല. പക്ഷെ 27ആം മിനുട്ടിൽ ഒരു ഗോൾ കളി ആകെ മാറ്റി. സെമെഡോയുടെ ക്രോസിൽ നിന്ന് ഒരു ബൈസൈക്കിൾ കിക്കിലൂടെ സുവാരസാണ് ആദ്യ ഗോൾ നേടിയത്. അതിനു പിന്നാലെ വിദാലിലൂടെ രണ്ടാം ഗോൾ. ആർതുറിന്റെ ഗംഭീര പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ.
അതിനു പിന്നാലെ ഡെംബലെയുടെ ഗോളും വന്നു. 35 മിനുട്ടിലേക്ക് ബാഴ്സലോണ 3 ഗോളുകൾക്ക് മുന്നിൽ. രണ്ടാം പകുതിയിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. അതോടെ ബാഴ്സലോണ ആരാധകരുടെ മെസ്സി ഗോളിനായുള്ള കാത്തിരിപ്പിന് അവസാനമായി. കളിയുടെ അവസാനം രണ്ട് ചുവപ്പ് കാർഡുകൾ പിറന്നത് ബാഴ്സക്ക് ക്ഷീണമായി. ബാഴ്സയുടെ റൊണാൾഡും ഡെംബലെയുമാണ് ചുവപ്പ് കണ്ട് പുറത്ത് പോയത്. ഈ വിജയത്തോടെ 8 മത്സരങ്ങളിൽ 18 പോയന്റുമായി ബാഴ്സലോണ ലീഗിൽ രണ്ടാമത് എത്തി.