ബുണ്ടസ് ലീഗയിൽ കളമൊരുങ്ങുന്നത് ഒരു സൂപ്പർ പോരാട്ടത്തിന്. നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ബൊറൂസിയ ഡോർട്ട്മുണ്ട് ബയേർ ലെവർകൂസനെ നേരിടും. പകരം വീട്ടാനാണ് ബയേറും പരിശീലകൻ പീറ്റർ ബോഷും ഡോർട്ട്മുണ്ടിലെ വിഖ്യാതമായ സിഗ്നൽ ഇടൂന പാർക്കിൽ എത്തുന്നത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളായി ഒരു ജയം നേടാൻ ബൊറൂസിയ ഡോർട്ട്മുണ്ടിന് സാധിച്ചിട്ടില്ല. റഷ്യൻ ക്ലബായ ക്രസ്‌നോഡറിനോട് പരാജയപ്പെട്ടതാണ് യൂറോപ്പയിൽ നിന്നും ബയേർ പുറത്തായത്.
ബയേണിനെയടക്കം അട്ടിമറിച്ച ബയേർ ഇന്ന് ജയിച്ചാൽ ലീഗിൽ അഞ്ചാം സ്ഥാനത്തെത്തും. ഈ സീസണിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബയേറിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. അന്നത്തെ തോൽവിക്ക് പകരം വീട്ടാൻ ഒരു സുവർണാവസരമാണ് ബയേർ ലെവർകൂസന് ലഭിച്ചിരിക്കുന്നത്.
മുൻ ഡോർട്ട്മുണ്ട് പരിശീലകൻ കൂടിയാണ് ബയേറിന്റെ കോച്ച് പീറ്റർ ബോഷ്. ഡോർട്ട്മുണ്ടിലെ മോശം പ്രകടനം കാരണം പരിശീലക സ്ഥാനത്ത് നിന്നും ബോഷിനെ പുറത്താക്കുകയാണുണ്ടായത്. അന്നത്തെ അപമാനത്തിന് ആരാധകരുടെ മുന്നിൽ വെച്ച് മറുപടി നൽകാനുള്ള സുവര്ണാവസമാണ് ബോഷിനിന്ന് ലഭിച്ചത്. ഇന്നത്തെ ഫിക്സ്ചറിനെ കൂടുതൽ പ്രസക്തമാകുന്നത് പോയന്റ് ടേബിളാണ്. നിലവിലെ ചാമ്പ്യന്മാരായ ബയേണിനും ടേബിൾ ടോപ്പേഴ്‌സായ ഡോർട്ട്മുണ്ടിനും 51 പോയന്റാണുള്ളത്.
ഇന്ന് ജയത്തിൽ കുറഞ്ഞ എന്ത് മത്സരഫലവും ഡോർട്ട്മുണ്ടിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് ബയേൺ മികച്ച ഫോമിലേക്ക് തിരികെയെത്തിയതിനാൽ. ചാമ്പ്യൻസ് ലീഗിൽ ടോട്ടൻഹാം ഹോട്ട്സ്പര്സിനോടേറ്റ പരാജയത്തിൽ നിന്നും സ്വിസ് റാക്റ്റീഷ്യൻ ലൂസിയൻ ഫെവ്‌റേ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടാകുമെന്നുറപ്പാണ്. പീറ്റർ ബോഷിന്റെ ആവനാഴിയിലെ ശരങ്ങൾക്കൊന്നും പ്രതിരോധമെന്ന പേരില്ല. ആക്രമണ ഫുട്ബാളിന്റെ വന്യത ആവാഹിച്ച കൈ ഹാവെട്സും ബെയിലിയും ബ്രാൻഡും വോളണ്ടും അടങ്ങുന്ന പീറ്റർ ബോഷിന്റെ യുവനിര ഡോർട്മുണ്ടിന്റെ പ്രതിരോധത്തിന് വെല്ലുവിളികൾ ഉയർത്തും.
12 ഗോളുകളും 6 അസിസ്റ്റും 19-കാരനായ ജർമ്മൻ താരം ബയേറിന് വേണ്ടി ഈ സീസണിൽ നേടിക്കഴിഞ്ഞു. ക്യാപ്റ്റൻ മാർക്കോ റൂയിസ് , പിസച്, പുളിസിക്ക് എന്നിവർ ഇന്നത്തെ മത്സരത്തിനിറങ്ങില്ല. കരിയറിലെ ഏറ്റവും മികച്ച ബുണ്ടസ് ലീഗ സീസൺ ആണ് ഡോർട്മുണ്ട് ലെജൻഡ് ആസ്വദിക്കുന്നത്. റുയിസിന്റെ കരിയറിൽ വീണ്ടും പരിക്ക് തിരിച്ചടിയാവുകയാണിപ്പോൾ. ഇന്ത്യൻ സമയം രാത്രി 10.30 pm ആണ് കിക്കോഫ്.