ബേർൺലി പോരാട്ടവീര്യം അതിജീവിച്ചു ലിവർപൂൾ ജയം

20220213 213817

പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായ ബേർൺലിക്ക് എതിരെ ജയം നേടി ലിവർപൂൾ. തങ്ങളുടെ മൈതാനത്ത് സകലതും നൽകി പൊരുതിയ ബേർൺലി ലിവർപൂളിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് മത്സരത്തിൽ കാണാനായി. ലിവർപൂളിനെക്കാൾ ഷോട്ടുകൾ മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഉതിർത്തത് ബേർൺലി ആയിരുന്നു. ജനുവരിയിൽ ടീമിൽ എത്തിയ ഹോളണ്ട് താരം വെഗ്ഹോർസ്റ്റും ജെയ് റോഡ്രിഗസും ലിവർപൂൾ പ്രതിരോധത്തെ പലപ്പോഴും പരീക്ഷിച്ചു.

ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ ട്രെന്റ് അലക്‌സാണ്ടർ അർണോൾഡിന്റെ ഫ്രീകിക്കിൽ നിന്നു ലഭിച്ച കോർണറിൽ നിന്നു ഫാബീന്യോ നേടിയ ഗോൾ ആണ് ലിവർപൂളിന് ജയം സമ്മാനിച്ചത്. ജോട്ടയെ ബെഞ്ചിൽ ഇരുത്തി മാനെയെയും സലാഹിനെയും ക്ളോപ്പ് കളത്തിൽ ഇറക്കി. രണ്ടാം പകുതിയിൽ പകരക്കാരൻ ആയി ഇറങ്ങിയ ജോട്ടക്ക് ലഭിച്ച സുവർണ അവസരം ലക്ഷ്യം കാണാനും ആയില്ല. ജയത്തോടെ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള അകലം ലിവർപൂൾ നിലനിർത്തും. അതേസമയം ബേർൺലി ഇപ്പോഴും ലീഗിൽ അവസാന സ്ഥാനത്താണ്.