ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വമ്പൻ പരാജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആണ് സ്വന്തം മൈതാനത്ത് ഡോർട്ട്മുണ്ട് ബയേർ ലെവർകുസനോട് വലിയ പരാജയം ഏറ്റുവാങ്ങിയത്. ലീഗിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സ്വന്തം മൈതാനത്തെ മികച്ച റെക്കോർഡും ഡോർട്ട്മുണ്ടിന്റെ രക്ഷക്ക് എത്തിയില്ല. ഹാളണ്ടിന്റെ അഭാവത്തിൽ ആയിരുന്നു ഡോർട്ട്മുണ്ട് മത്സരത്തിനു ഇറങ്ങിയത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് ആണ് മുന്നിട്ടു നിന്നത് എങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു. പത്താം മിനിറ്റിൽ മാന്യുവൽ അകാഞ്ചിയുടെ സെൽഫ് ഗോൾ ലെവർകുസനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 6 മിനിറ്റിനു അകം ജെറമി ഫ്രിപോങിന്റെ സെൽഫ് ഗോളിൽ ഡോർട്ട്മുണ്ട് മത്സരത്തിൽ സമനില പിടിച്ചു.
ഇരുപതാം മിനിറ്റിൽ യുവ സൂപ്പർ താരം ഫ്ലോറിയൻ വിർറ്റ്സ് ലെവർകുസനെ വീണ്ടും മുന്നിലെത്തിച്ചു. സീസണിൽ ഒമ്പത് അസിസ്റ്റുകൾ ലീഗിൽ ഉള്ള വിർറ്റ്സ് ലീഗിൽ നേടുന്ന ആറാം ഗോൾ ആയിരുന്നു ഇത്. കരീം ബെല്ലരാബിയുടെ പാസിൽ നിന്നാണ് യുവ താരം ഗോൾ നേടിയത്. 28 മത്തെ മിനിറ്റിൽ ഫ്രീകിക്കിലൂടെ റോബർട്ട് ആൻഡ്രിച്ച് ലെവർകുസന്റെ മൂന്നാം ഗോളും നേടി. തുടർന്ന് രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരം ഗോൾ ആക്കിയ ജോനാഥൻ താ ലെവർകുസൻ ജയം ഉറപ്പിച്ചു. 87 മത്തെ മിനിറ്റിൽ ഫ്രിപോങിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മൂസ ദിയാബി അഞ്ചാം ഗോളും നേടിയതോടെ ഡോർട്ട്മുണ്ട് കനത്ത പരാജയം ഉറപ്പിച്ചു. 89 മത്തെ മിനിറ്റിൽ സ്റ്റെഫൻ ടിഗസ് നേടിയ ഗോൾ വാർ അനുവദിച്ചത് പരാജയ ഭാരം കുറക്കാൻ ഡോർട്ട്മുണ്ടിനെ സഹായിച്ചു. ഡോർട്ട്മുണ്ടിന്റെ പരാജയം ലീഗിൽ ഒന്നാമതുള്ള ബയേണിനു ആണ് സഹായകമായത്.