ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സ്റ്റട്ട്ഗാർട്ടിനെ ബയേൺ തകർത്തത്. ഹാട്രിക്കിന് പുറമേ ഒരു അസിസ്റ്റും നൽകി സെർജ് ഗ്നാബ്രി അരങ്ങ് തകർത്തപ്പോൾ വമ്പൻ ജയമാണ് ജൂലിയൻ നൈഗൽസ്മാനും സംഘവും നേടിയത്. പതിവ് പോലെ ലെവൻഡോസ്കിയും ബയേൺ മ്യൂണിക്കിന്റെ ഗോൾ പട്ടികയിൽ ഇടം നേടി. രണ്ട് ഗോളുകളും നേടി ജെർദ് മുള്ളറിന്റെ മറ്റൊരു റെക്കോർഡിനോടൊപ്പം എത്തിയിരിക്കുകയാണ് റോബർട്ട് ലെവൻഡോസ്കി. ഈ കലണ്ടർ വർഷത്തിൽ 42 ബുണ്ടസ് ലീഗ ഗോളുകളാണ് റോബർട്ട് ലെവൻഡോസ്കി നേടിയിരിക്കുന്നത്.
ലെറോയ് സാനെയും സെർജ് ഗ്നാബ്രിയുമാണ് ലെവൻഡോസ്കി യുടെ ഗോളുകൾക്ക് വഴിയൊരുക്കിയത്. തന്റെ 200ബുണ്ടസ് ലീഗ മത്സരം ജയത്തോടെ പൂർത്തിയാക്കാൻ പരിശീലകൻ നാഗെൽസ്മാനും സാധിച്ചു. തന്റെ ബോയ്ഹുഡ് ക്ലബ്ബിനെതിരെ ഗോളടിച്ച് സെർജ് ഗ്നാബ്രി ആദ്യ പകുതിയിൽ ബയേൺ മ്യൂണിക്കിനായി ഗോൾ വേട്ട തുടങ്ങി. സാനെയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ഗ്നാബ്രിക്ക് അസിസ്റ്റ് നൽകി 12അസിസ്റ്റുകൾ എന്ന ബുണ്ടസ് ലീഗ റെക്കോർഡ് തോമസ് മുള്ളർ സ്വന്തം പേരിൽ കുറിച്ചു. ലെവൻഡോസ്കിയുടെ ഇരട്ട ഗോളുകൾ സ്റ്റട്ട്ഗാർട്ടിനെ കീറിമുറിച്ചപ്പോൾ മറ്റൊരു വമ്പൻ ജയം കൂടി ബയേണിന് സ്വന്തമായി. 40പോയന്റുകളുമായി ബയേൺ മ്യൂണിക്കാണ് ഇപ്പോൾ ബുണ്ടസ് ലീഗയിൽ ഒന്നാം സ്ഥാനത്ത്.