ജർമ്മൻ ബുണ്ടസ്ലീഗിൽ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി ബൊറൂസിയ ഡോർട്ട്മുണ്ട്. എർലിംഗ് ഹാളണ്ട് തന്റെ അവിശ്വസനീയ ഗോളടി മികവ് തുടർന്നപ്പോൾ ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ 5 ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തകർത്തത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഹാളണ്ട് മൂന്നു ഗോളുകൾക്ക് കൂടി അവസരം ഒരുക്കി താൻ കഴിഞ്ഞ സീസണിൽ നിർത്തിയിടത്ത് തന്നെയാണ് തുടങ്ങിയത് എന്ന വ്യക്തമായ സൂചന നൽകി. ഡോർട്ടുമുണ്ടിനായി കളിച്ച 61 കളികളിൽ 62 ഗോളുകൾ ആണ് ഹാളണ്ട് ഇത് വരെ നേടിയത്. 23 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിനു ഇടയിൽ ഹാളണ്ട് നൽകിയ പാസിൽ ക്യാപ്റ്റൻ മാർകോ റൂയിസ് ആണ് ഡോർട്ട്മുണ്ടിനു ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ 27 മത്തെ മിനിറ്റിൽ ഫെലിക്‌സ് പാസ്‌ലാക്കിലൂടെ ഫ്രാങ്ക്ഫർട്ട് തിരിച്ചടിച്ചു.
എന്നാൽ തൊട്ടടുത്ത നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ ഡോർട്ട്മുണ്ട് മത്സരത്തിൽ വീണ്ടും മുന്നിലെത്തി. 32 മിനിറ്റിൽ ഇത്തവണ തോഗൻ ഹസാർഡിന് ഗോളവസരം ഒരുക്കിയ ഹാളണ്ട് 34 മിനിറ്റിൽ റൂയിസ് ഹെഡറിലൂടെ നൽകിയ പാസിൽ നിന്നു നേടിയ അതുഗ്രൻ ഗോളിലൂടെ ഡോർട്ട്മുണ്ടിനെ 3-1 നു മുന്നിലെത്തിച്ചു. 58 മിനിറ്റിൽ റെയ്‌നയാണ് ഡോർട്ട്മുണ്ടിന്റെ നാലാം ഗോൾ കണ്ടത്തിയത്. 70 മിനിറ്റിൽ രണ്ടാം തവണയും മാർകോ റൂയിസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഹാളണ്ട് ഡോർട്ട്മുണ്ടിന്റെ വലിയ ജയം ഉറപ്പിച്ചു. രണ്ടു അസിസ്റ്റുകളും ഒരു ഗോളും നേടിയ ക്യാപ്റ്റൻ മാർകോ റൂയിസും ഇന്ന് തകർപ്പൻ പ്രകടനം ആണ് പുറത്ത് എടുത്തത്. 86 മിനിറ്റിൽ ഹെൻസ് ഹോജ് നേടിയ ഗോൾ ഫ്രാങ്ക്ഫർട്ടിന്റെ പരാജയഭാരം കുറച്ചു. ആദ്യ മത്സരത്തിൽ ബയേൺ സമനില വഴങ്ങിയതിനാൽ തന്നെ നിലവിലെ മുൻതൂക്കം തുടരാൻ ആവും മാർകോ റോസിന് കീഴിൽ പുതിയ സീസണിനു ഇറങ്ങിയ ഡോർട്ട്മുണ്ട് ശ്രമിക്കുക.