ബുണ്ടസ് ലീഗയിൽ പതിവ് പോലെ സ്ഥിരതയില്ലായ്മ തുടർന്ന് ബൊറൂസിയ ഡോർട്ടുമുണ്ട്. ആദ്യ മത്സരത്തിൽ മികച്ച ജയം നേടിയ ശേഷം ജർമ്മൻ കപ്പിൽ ബയേണിനോട് തോൽവി വഴങ്ങിയ അവർ സീസണിലെ ആദ്യ അവേ മത്സരത്തിൽ എസ്.സി ഫ്രെയ്ബർഗിനോട് ആണ് തോൽവി വഴങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഡോർട്ടുമുണ്ട് തോൽവി ഏറ്റുവാങ്ങിയത്. ആറാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതുഗ്രൻ അടിയിലൂടെ ലക്ഷ്യം കണ്ട ഇറ്റാലിയൻ താരം വിൻസെഷോ ഗ്രിഫോ ഡോർട്ടുമുണ്ടിനെ ഞെട്ടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൂക്കാസ് ഹോളറിന്റെ പാസിൽ നിന്നു ഗോൾ നേടിയ റോളണ്ട് സലായ് ഫ്രെയ്ബർഗിന് രണ്ടാം ഗോൾ സമ്മാനിച്ചു.
59 മത്തെ മിനിറ്റിൽ യാനിക് കെയ്റ്റലിന്റെ സെൽഫ് ഗോൾ ഡോർട്ട്മുണ്ടിനു പ്രതീക്ഷ നൽകിയെങ്കിലും ഫ്രെയ്ബർഗ് പ്രതിരോധം പിടിച്ചു നിന്നു. തുടർന്ന് ഹാളണ്ടും, റൂയിസും ഒക്കെ അടങ്ങിയ ഡോർട്ടുമുണ്ട് മുന്നേറ്റം കിണഞ്ഞു പരിശ്രമിച്ചു എങ്കിലും ഗോൾ മാത്രം അകന്നു നിന്നപ്പോൾ ഡോർട്ടുമുണ്ട് പരാജയം സമ്മാനിച്ചു. ബുണ്ടസ് ലീഗിലെ മറ്റു മത്സരങ്ങളിൽ ഹെർത്ത ബെർലിനെ വോൾവ്സ്ബർഗ് 2-1 നു മറികടന്നപ്പോൾ ഫ്രാങ്ക്ഫർട്ട് ഓഗ്സ്ബർഗ് മത്സരം സമനിലയിൽ കലാശിച്ചു. അതേസമയം ഈ വർഷം പ്രൊമോഷൻ നേടി ബുണ്ടസ്ലീഗിൽ എത്തിയ ബൊക്കോം മൈൻസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു തങ്ങളുടെ ആദ്യ ജയം കുറിച്ചു.