ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. എഫ്സി കൊളോനിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകളാണ് ബയേൺ മ്യൂണിക്ക് അടിച്ച് കൂട്ടിയത്. ഹാട്രിക്കുമായി പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കിയാണ് ബയേണിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. കോരെന്റിൻ ടൊളിസോയാണ് മറ്റൊരു ഗോൾ നേടിയത്. തോമസ് മുള്ളർ, ലെറോയ് സാനെ എന്നിവർ രണ്ട് ഗോളുകൾക്ക് വീതം വഴിയൊരുക്കി.
ഒൻപതാം മിനുട്ടിൽ ലെവൻഡോസ്കിയിലൂടെ ബയേൺ കൊളൊനിനെതിരെ ഗോളടിച്ച് തുടങ്ങി. തുടർച്ചയായ 66ആം മത്സരത്തിലാണ് ബയേൺ ഗോളടിച്ച് തുടങ്ങുന്നത്. മാനുവൽ നുയറിനൊപ്പം ടീമിൽ തിരികെയെത്തിയ ടോളിസോയുടേതായിരുന്നു രണ്ടാം ഗോൾ. മുള്ളർ നൽകിയ പന്ത് ഇടങ്കാൽ വോളിയിലൂടെ കൊളോനിന്റെ വലയിൽ എത്തി. മാർക് ഉതിലൂടെ ബയേണിന്റെ വലകുലുക്കാൻ ആയെങ്കിലും റഫറി ഓഫ്സൈട് വിസിൽ മുഴക്കി.
രണ്ടാം പകുതിയിലായിരുന്നു ലെവൻഡോസ്കി രണ്ട് ഗോളുകൾ കൂടി അടിച്ച് ഹാട്രിക്ക് തികച്ചത്. രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ലെറോയ് സാനെയായിരുന്നു. ഈ സീസണിൽ ലെവൻഡോസ്കിയുടെ 24ആം ഗോളായിരുന്നു ഇത്. ഈ ജയത്തോട് കൂടി ജർമ്മനിയിൽ ആറ് പോയന്റിന്റെ ലീഡ് നേടാൻ ബയേണിനായി.