ബുണ്ടസ് ലീഗിൽ അവസാന മത്സരത്തിലും വമ്പൻ ജയവുമായി ബയേൺ മ്യൂണിച്ച്. എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് റെക്കോർഡ് ജർമൻ ജേതാക്കൾ ആയ ബയേൺ വോൾവ്സ്ബർഗിനെ തോൽപ്പിച്ചത്. തോറ്റു എങ്കിലും 49 പോയിന്റുകളും ആയി ഏഴാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച വോൾവ്സ്ബർഗ് യൂറോപ്പ ലീഗ് യോഗ്യത മത്സരത്തിനു യോഗ്യത നേടി. അതേസമയം ഷാൽക്കയെ 4 ഗോളുകൾക്ക് തോൽപ്പിച്ചു എങ്കിലും ഫ്രെയ്‌ബർഗിന് യൂറോപ്പ യോഗ്യത സ്വന്തമാക്കാൻ ആയില്ല. സീസണിൽ 82 പോയിന്റുകളും ആയാണ് ബയേൺ ലീഗ് അവസാനിപ്പിച്ചത്. അവസാന മത്സരത്തിലും ഗോളുമായി ലെവൻഡോസ്ക്കി തിളങ്ങി.
മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ കിങ്സ്‌ലി കോമാനിലൂടെ ജർമ്മൻ ചാമ്പ്യൻമാർ മുന്നിലെത്തി. പതിവ് പോലെ തോമസ് മുള്ളർ ആയിരുന്നു ഗോൾ അവസരം ഒരുക്കിയത്. 37 മിനിറ്റിൽ കോമാന്റെ പാസിൽ മൈക്കിൾ ബയേണിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ 71 മിനിറ്റിൽ ജോഷുവ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് വോൾവ്സിന് തിരിച്ചടി ആയി. തുടർന്ന് ലഭിച്ച പെനാൽട്ടി റോബർട്ട് ലെവൻഡോസ്കി ലക്ഷ്യത്തിൽ എത്തിച്ചു. 79 മിനിറ്റിൽ ഗോളിലൂടെ തോമസ് മുള്ളർ ബയേണിന്റെ ജയം പൂർത്തിയാക്കി. സീസണിൽ നൂറു ഗോളുകളും ബയേൺ മ്യൂണിച്ച് കണ്ടത്തി. ഇനി ചാമ്പ്യൻസ് ലീഗ് ജർമ്മൻ ഡി. എഫ്.കെ കപ്പ് എന്നിവ കൂടി ആവും ബയേണിന്റെ ലക്ഷ്യം.