ഇന്ത്യക്ക് സന്തോഷ വാർത്ത, ന്യൂസിലാൻഡ് പരമ്പരക്ക് മുൻപ് ബുംറ തിരിച്ചുവരും

Staff Reporter

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ അടുത്ത വർഷം തുടക്കത്തിൽ നടക്കുന്ന ന്യൂസിലാൻഡ് പരമ്പരക്ക് മുൻപ് പരിക്ക് മാറി തിരിച്ചുവരും. ഇന്ത്യൻ ബൗളിംഗ് പരിശീലകൻ ഭാരത് അരുൺ ആണ് ബുംറ അടുത്ത ജനുവരിയിൽ പരിക്ക് മാറി തിരിച്ചെത്തുമെന്ന് പറഞ്ഞത്. കൂടാതെ ബുംറക്ക് സർജറി വേണ്ടെന്നും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ പറഞ്ഞു.

പരിക്ക് മൂലം ജസ്പ്രീത് ബുംറക്ക് ഈ കഴിഞ്ഞ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും മാസം തുടങ്ങാനിരിക്കുന്ന ബംഗ്ളദേശിനെതിരായ പരമ്പരയും നഷ്ടമായിരുന്നു.  കൂടാതെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളർമാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും ഇന്ത്യൻ ബൗളിംഗ് പരിശീലകൻ പുകഴ്ത്തുകയും ചെയ്തു.

നേരത്തെ ബുംറക്ക് സർജറി ആവശ്യമായി വരുമെന്നും കൂടുതൽ കാലം ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.