“ഫ്രീകിക്ക് ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പരിശ്രമത്തിന്റെ ഫലം”

Newsroom

ഇന്നലെ സബ്ബായി എത്തിയ ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയ ഗോൾ നേടിയത് ഫ്രീകിക്കിലൂടെ ആയിരുന്നു. ഈ ഗോൾ വരാനുള്ള കാരണം ബ്രൂണൊ ഫെർണാണ്ടസിന്റെ പരിശ്രമം ആണ് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇന്നലെ ലിവർപൂളിനെതിരെ ആദ്യ ഇലവനിൽ ബ്രൂണൊ ഫെർണാണ്ടസ് ഉണ്ടാകില്ല എന്ന് താൻ താരത്തോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ബ്രൂണോ അവസാന ദിവസം പരിശീലന സമയം കഴിഞ്ഞും 45 മിനുട്ടോളം ഫ്രീകിക്ക് പരിശീലിച്ചു എന്ന് ഒലെ പറഞ്ഞു.

അതുകൊണ്ട് തന്നെ ആ ഫ്രീകിക്ക് വലയിൽ കയറുന്നത് കണ്ടതിൽ വലിയ സന്തോഷം ഉണ്ട് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. എന്നാൽ ഫ്രീകിക്ക് ഗോളായതിൽ കവാനിയുടെ ഉപദേശം ആണ് സഹായകരമായത് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. കവാനിയാണ് കീപ്പറിന്റെ സൈഡിലേക്ക് പവർഫുൾ ഷോട്ട് എടുക്കാൻ ഫ്രീകിക്ക് എടുക്കുന്നതിന് തൊട്ടു മുമ്പ് പറഞ്ഞതെന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.