ഇത്തിരി ക്രിയേറ്റിവിറ്റിയുള്ള ഒരു മധ്യനിര താരത്തിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെയും പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറിന്റെയും പ്രാർത്ഥന അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കേട്ടു. യുണൈറ്റഡിന്റെ മിഡ്ഫീൽഡിലേക്ക് ഒരു ഗംഭീര താരത്തെ അങ്ങ് പോർച്ചുഗലിൽ നിന്ന് എത്തിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രൂണോ ഫെർണാണ്ടസ് എന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ യുണൈറ്റഡുമായി കരാറിൽ എത്തി. ഇനി ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമെ ബാക്കിയായുള്ളൂ.
താരവും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും ക്ലബുകൾ തമ്മിൽ ട്രാൻസ്ഫർ തുകയെ കുറിച്ച് ഏറെ തർക്കങ്ങൾ ഉണ്ടായതാണ് ട്രാൻസ്ഫർ ഇത്ര വൈകാൻ കാരണം. പോഗ്ബയ്ക്ക് പരിക്ക് ആയതു മുതൽ മധ്യനിരയിൽ നിന്ന് ഗോളവസരങ്ങൾ എന്നത് വെറും സ്വപന്മായിരുന്നു മാഞ്ചസ്റ്ററിൽ. ഫ്രെഡും മക്ടോമിനെയും പെരേരയും മാറ്റിചും ഒന്നും ക്രിയേറ്റീവ് താരങ്ങൾ അല്ല. ക്രിയേറ്റീവ് എന്ന് പറയാൻ പറ്റിയ മാറ്റയ്ക്ക് ആകട്ടെ വേഗതയും പ്രായവും ഒപ്പമില്ല. ഇവിടെയാണ് ബ്രൂണോയുടെ പ്രസക്തി.
മിഡ്ഫീൽഡിനെയും അറ്റാക്കിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ബ്രൂണോയ്ക്ക് ആകും എന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു. പോർച്ചുഗലിൽ ഗംഭീരമായ രണ്ടു സീസണുകൾക്ക് ശേഷമാണ് ബ്രൂണോ വരുന്നത്. ബോക്സിന് പുറത്ത് നിന്ന് വണ്ടർ ഗോളുകൾ നേടുന്നതിലും പേരുകേട്ട താരമാണ് ബ്രൂണോ. കഴിഞ്ഞ നാഷൺസ് ലീഗിൽ പോർച്ചുഗലിനായുഅ ബ്രൂണോയുടെ പ്രകടനങ്ങൾ ഫുട്ബോൾ ലോകം മുഴുവൻ കണ്ടതാണ്.
60 മില്യണാണ് ബ്രൂണോയ്ക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പോർടിംഗിന് നൽകുന്നത്. സ്പോർടിംഗിന്റെ താരമായ ബ്രൂണോ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. ഈ സീസണിലും ബ്രൂണോ ആ ഫോം തുടരുന്നുണ്ട്.