അവസാന കുറേ കാലമായി പോർച്ചുഗൽ എല്ലാ തവണയും വലിയ ഒരു ടൂർണമെന്റിന് ഇറങ്ങുമ്പോൾ ഒരു പേരു മാത്രമേ എല്ലാവരും പറയാറുണ്ടായിരുന്നുള്ളൂ. അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതായിരുന്നു. എന്നാൽ ഇത്തവണ യൂറോ കപ്പിന് പോർച്ചുഗൽ എത്തുമ്പോൾ എല്ലാവരും പോർച്ചുഗലിന് റൊണാൾഡോ മാത്രമല്ല ബ്രൂണോ ഫെർണാണ്ടസും ഉണ്ട് എന്ന് പറഞ്ഞു. ബ്രൂണോ ഫെർണാണ്ടസ് അവസാന രണ്ടു സീസണുകളിലായി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ നടത്തുന്ന പ്രകടനം ആയിരുന്നു ഈ പ്രതീക്ഷയ്ക്ക് കാരണം.
എന്നാൽ ഈ യൂറോ ബ്രൂണോ ഫെർണാണ്ടസ് ഓർക്കാൻ ഇഷ്ടപ്പെട്ടേക്കില്ല. ഗോളും അസിസ്റ്റുമായി പ്രീമിയർ ലീഗിൽ തിളങ്ങി നിന്ന നിറ സാന്നിദ്ധ്യത്തിന് ഈ യൂറോയിൽ ഒരു ഗോൾ സംഭാവന വരെ ഇല്ല. അസിസ്റ്റോ ഗോളോ ഒന്നും നേടാൻ ബ്രൂണോക്ക് ആയില്ല. ആദ്യ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഉണ്ടായിരുന്ന ബ്രൂണോയെ ജർമ്മനിക്ക് എതിരായ പരാജയത്തിനു ശേഷം പരിശീലകൻ സാന്റോസ് വിശ്വാസത്തിൽ എടുത്തുമില്ല. അവസാന രണ്ടു മത്സരങ്ങളിലും സബ്ബായി എത്തി എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണുന്ന ബ്രൂണോ ഫെർണാണ്ടസിന്റെ നിഴൽ മാത്രമേ പോർച്ചുഗൽ ജേഴ്സിയിൽ കാണാൻ ആയുള്ളൂ.
ബ്രൂണോ ഫെർണാണ്ടസ് മാത്രമല്ല പ്രീമിയർ ലീഗിലെ വലിയ താരങ്ങളായ ജോട്ടയും ബെർണാഡോ സിൽവയും ഒക്കെ പോർച്ചുഗൽ ജേഴ്സിയിൽ ഇത്തവണ നിറം മങ്ങി.