ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം മത്സരത്തിലും ജയം കണ്ടത്താൻ ആവാതെ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. 84 മിനിറ്റ് വരെ മത്സരത്തിൽ മുന്നിട്ട് നിന്ന ശേഷമാണ് എവർട്ടൺ ബ്രന്റ്ഫോഡിന് എതിരെ സമനില വഴങ്ങിയത്. കൂടുതൽ സമയം പന്ത് കൈവശം വച്ചതും മികച്ച ഫുട്‌ബോൾ കളിച്ചതും ബ്രന്റ്ഫോർഡ് ആയിരുന്നു. എന്നാൽ 24 മത്തെ മിനിറ്റിൽ എവർട്ടൺ മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി മുന്നിലെത്തി.
കോണർ കോഡിയുടെ ഉഗ്രൻ പാസിൽ നിന്നു ഈ ട്രാൻസ്ഫർ വിപണിയിൽ ക്ലബ് വിടുമെന്ന് കരുതുന്ന ആന്റണി ഗോർഡൻ ആണ് അവർക്ക് ഗോൾ സമ്മാനിച്ചത്. ഒരു ഗോളിൽ കടിച്ചു തൂങ്ങാനുള്ള എവർട്ടൺ ശ്രമം എന്നാൽ ബ്രന്റ്ഫോർഡ് മറികടന്നു. 84 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ പകരക്കാരനായി ഇറങ്ങിയ കീൻ ലൂയിസ് പോട്ടറിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ വൈറ്റലി ജാനലറ്റ് ബ്രന്റ്ഫോർഡിനു സമനില ഗോൾ സമ്മാനിച്ചു. നിലവിൽ ലീഗിൽ 17 മത് ആണ് എവർട്ടൺ എന്നതിനാൽ കടുത്ത സമ്മർദ്ദം ആവും ലമ്പാർഡ് വരും ദിനങ്ങളിൽ നേരിടുക.