പകരത്തിന് പകരം, ഇന്നിംഗ്സ് വിജയം നേടി ഇംഗ്ലണ്ട്

ലോര്‍ഡ്സിലെ ഇന്നിംഗ്സ് തോൽവിയ്ക്ക് പകരം വീട്ടി ഇംഗ്ലണ്ട്. മാഞ്ചെസ്റ്ററിൽ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 85 റൺസിനും പരാജയപ്പെടുത്തി ഇംഗ്ലണ്ട് പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു.

ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 151 റൺസിന് പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിംഗ്സ് 415/9 എന്ന നിലയിലാണ് ഡിക്ലയര്‍ ചെയ്തത്. അവിടെ നിന്ന് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 179 റൺസിനാണ് ഇംഗ്ലണ്ട് ചുരുട്ടികെട്ടിയത്.

ഒല്ലി റോബിന്‍സൺ നാലും ജെയിംസ് ആന്‍ഡേഴ്സൺ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് ആതിഥേയര്‍ക്കായി രണ്ട് വിക്കറ്റ് നേടി. 42 റൺസ് നേടിയ കീഗന്‍ പീറ്റേഴ്സൺ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 41 റൺസ് നേടി.