ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീൽ 2022 ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്നതിന് വളരെ അടുത്ത് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ചതോടെ ലോകകപ്പ് യോഗ്യത നേടാൻ ബ്രസീലിന് ഇനി വേണ്ടത് ഒരു വിജയം മാത്രമാണ്. ഇന്ന് ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ഇന്ന് അമസോണിയ അരീനയിൽ നടന്ന മത്സരത്തിൽ ബ്രസീലിന്റെ ആധിപത്യം തന്നെയാണ് കാണാൻ കഴിഞ്ഞത്. ആദ്യ 18 മിനുട്ടിൽ തന്നെ ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.
പത്താം മിനുട്ടിൽ നെയ്മർ ആണ് ബ്രസീലിന് ലീഡ് നൽകിയത്. ഫ്രെഡിന്റെ പാസ് സ്വീകരിച്ചായിരുന്നു നെയ്മറിന്റെ ഗോൾ. താരത്തിന്റെ ബ്രസീലിനായുള്ള 70ആം ഗോളാണിത്. 18ആം മിനുട്ടിൽ റഫീന ലീഡ് ഇരട്ടിയാക്കി. തന്റെ ബ്രസീൽ കരിയർ മനോഹരമായി ആരംഭിച്ച റഫീന താൻ ബ്രസീലിന് ഒരു മുതൽകൂട്ടാകുമെന്ന് ഒരിക്കൽ കൂടെ മഞ്ഞ ജേഴ്സിയിൽ തെളിയിക്കുന്നതാണ് ഇന്നും കണ്ടത്. 58ആം മിനുട്ടിൽ റഫീന തന്നെ ബ്രസീലിന്റെ മൂന്നാം ഗോളും നേടി. 83ആം മിനുട്ടിൽ ഗബിഗോളിന്റെ വക ആയിരുന്നു നാലാം ഗോൾ. ലൂയിസ് സുവാരസിന്റെ വക ആയിരുന്നു ഉറുഗ്വേയുടെ ആശ്വാസ ഗോൾ.
ഈ വിജയത്തോടെ ബ്രസീലിന് ലോകകപ്പ് യോഗ്യത റൗണ്ടിൽ 11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റായി. 16 പോയിന്റുമായി ഉറുഗ്വേ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.