ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ സ്വർണ്ണം ഒരിക്കൽ കൂടെ ബ്രസീലിന് സ്വന്തം. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സ്പെയിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്രസീൽ സ്വർണ്ണം നേടിയത്. എക്സ്ട്രാ ട്രൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മാത്യുസ് കുൻഹ ആണ് ബ്രസീലിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ സ്പെയിൻ തിരിച്ചടിച്ചു. 60ആം മിനുട്ടിൽ ഒയർസബാലിന്റെ വോളിയാണ് സ്പെയിന് സമനില നൽകിയത്.
വലതു വിങ്ങിൽ നിന്ന് വന്ന ക്രോസിൽ നിന്നായിരുന്നു ഒയർസബാളിന്റെ വോളി. ഇതിനു ശേഷം കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ 109ആം മിനുട്ടിൽ മാൽകൊമിന്റെ ഇടം കാലൻ ഷോട്ട് ബ്രസീലിന് വീണ്ടും ലീഡ് നൽകി. ആന്തൊണിയുടെ ഒരു ഡയഗണൽ ബോൾ കൈക്കലാക്കി കുതിച്ചു കൊണ്ടായിരുന്നു മാൽകൊം ബ്രസീലിനായി രണ്ടാം ഗോൾ നേടിയത്. ഈ വിജയത്തോടെ 2004ൽ അർജന്റീനയ്ക്ക് ശേഷം തുടർച്ചയായി രണ്ടു ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്ന ഫുട്ബോൾ ടീമായി ബ്രസീൽ മാറി. നേരത്തെ ജപ്പാനെ തോൽപ്പിച്ച് കൊണ്ട് മെക്സിക്കോ വെങ്കല മെഡൽ നേടിയിരുന്നു.