കോപ്പ അമേരിക്കയെ വിമർശിച്ച ബ്രസീൽ പരിശീലകൻ ടിറ്റെക്ക് കനത്ത പിഴ

Staff Reporter

കോപ്പ അമേരിക്കയുടെ നടത്തിപ്പിനെ വിമർശിച്ച ബ്രസീൽ പരിശീലകൻ ടിറ്റെക്ക് കനത്ത പിഴയിട്ട് സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ. 5000 ഡോളർ പിഴയാണ് ബ്രസീൽ പരിശീലകന് മേൽ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ചുമത്തിയത്. കോപ്പ അമേരിക്ക തുടങ്ങാൻ 2 ആഴ്ച മാത്രം ബാക്കി നിൽക്കെയാണ് കോപ്പ അമേരിക്ക ബ്രസീലിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസം കൊളംബിയക്കെതിരായ മത്സരത്തിന് ശേഷമാണ് ടിറ്റെ കോപ്പ അമേരിക്കയുടെ നടത്തിപ്പിനെതിരെ വിമർശനം ഉന്നയിച്ചത്. കോപ്പ അമേരിക്കക്കായുള്ള മുന്നൊരുക്കങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിരുന്നുള്ളു എന്ന് ബ്രസീൽ പരിശീലകൻ പറഞ്ഞു. കൂടാതെ പിച്ചുകളുടെ നിലവാരം വളരെ മോശമായിരുന്നെന്നും ബ്രസീൽ പരിശീലകൻ പറഞ്ഞിരുന്നു. യൂറോപ്പിലെ മികച്ച പിച്ചുകളിൽ കളിച്ച താരങ്ങൾക്ക് ഇത്തരത്തിലുള്ള പിച്ചുകളിൽ കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും ടിറ്റെ പറഞ്ഞു.

തുടർന്നാണ് ബ്രസീൽ പരിശീലകനെതിരെ പിഴ ചുമത്താൻ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ കോപ്പ അമേരിക്ക നടത്തിയതിനെതിരെ വിമർശിച്ച ബൊളീവിയൻ താരത്തിനും ഫുട്ബോൾ അസോസിയേഷൻ പിഴ ചുമത്തിയിരുന്നു.