എല്ലാവരും ഉറ്റുനോക്കുന്ന ബ്രസീൽ – അർജന്റീന പോരാട്ടം ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.30 മണിക്കാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്ന ബ്രസീൽ – അർജന്റീന പോരാട്ടം.
അർജന്റീനയെയും ബ്രസീലിനെയും നെഞ്ചിലേറ്റുന്ന സൗദി അറേബ്യയിലെ മലയാളികൾ ഇന്നത്തെ മത്സരത്തിന് സ്റ്റേഡിയം നിറക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ മലയാളികൾ നേരിട്ട് കാണുന്ന ബ്രസീൽ അർജന്റീന പോരാട്ടം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. സൂപ്പർ ക്ലാസിക്കോ കപ്പിന് വേണ്ടിയുള്ള പോരാട്ടമായതിനാൽ ഇന്നത്തെ മത്സരം സമനിലയിലായാൽ ടൈ ബ്രേക്കറിലൂടെ വിജയികളെ കണ്ടെത്തും.
അർജന്റീന മെസ്സിയില്ലാതെയാണ് ഇന്ന് ബ്രസീലിനെ നേരിടാനിറങ്ങുന്നത്. ലോകകപ്പിൽ ഫ്രാൻസിനോടേറ്റ തോൽവിക്ക് ശേഷം മെസ്സി അർജന്റീന ടീമിന് വേണ്ടി കളിച്ചിരുന്നില്ല. മെസ്സി ഇല്ലെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇറാഖിനെതിരെ ഏകപക്ഷീയമായ 4 ഗോളുകൾക്ക് അർജന്റീന ജയിച്ചിരുന്നു. മെസ്സിക്ക് പുറമെ സെർജിയോ അഗ്വേറോ, ഹിഗ്വയിൻ, ഡി മരിയ എന്നീ പ്രമുഖർ ഇല്ലാതെയാണ് അർജന്റീന ബ്രസീലിനെ നേരിടാനിറങ്ങുന്നത്.
അതെ സമയം കഴിഞ്ഞ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ഇന്നിറങ്ങുക. സൗദി അറേബ്യക്കെതിരെ ജയിച്ചെങ്കിലും ബ്രസീലിന്റെ തനത് പ്രകടനം പുറത്തെടുക്കാൻ അവർക്കായിരുന്നില്ല.
ഇരുവരും ഇതിനു മുൻപ് 105 തവണ ഏറ്റുമുട്ടിയപ്പോൾ 40 തവണ വിജയം ബ്രസീലിന്റെ കൂടെയും 38 തവണ അർജന്റീനയുടെ കൂടെയുമായിരുന്നു. 26 മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയും ചെയ്തു. അവസാനം ഇരു ടീമുകളും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ജയിച്ചിരുന്നു.