ലെസ്റ്ററിനെ തകർത്തെറിഞ്ഞ് ബൗണ്മത്, റിലഗേഷൻ പോരിലും ചാമ്പ്യൻസ് ലീഗ് പോരിലും കണക്കുകൾ മാറുന്നു!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിന്റെ അവസാനം ആവേശമായി മാറുകയാണ്. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ബൗണ്മത് നേടിയ വിജയം ലീഗിന്റെ അവസാനത്തെ പ്രവചനാതീതമാക്കി മാറ്റിയിരിക്കുകയാണ്‌. ഇന്ന് ലെസ്റ്ററിനെതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം 4-1ന്റെ വൻ വിജയം തന്നെ ബൗണ്മത് നേടി. ഈ ഫലം ബൗണ്മതിന്റെ ലീഗിൽ നിലനിൽക്കാം എന്ന പ്രതീക്ഷ സജീവമാക്കിയപ്പോൾ ലെസ്റ്ററിന്റെ ടോപ് 4 മോഹങ്ങൾക്ക് വലിയ തിരിച്ചടിയുമായി.

ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ ലെസ്റ്റർ സിറ്റിയുടെ ആധിപത്യമായിരുന്നു കണ്ടത്. വാർഡിയുടെ ഗോളിൽ അവർ ലീഡ് എടുക്കുകയും ചെയ്തു. ആദ്യ പകുതിയിലെ ലെസ്റ്ററിന്റെ പ്രകടനം കണ്ടതിനാൽ മൂന്ന് പോയന്റ് ലെസ്റ്റർ കൊണ്ടു പോകുമെന്നേ എല്ലാവരും കരുതിയിരുന്നുള്ളൂ. എന്നാൽ രണ്ടാം പകുതിയിലെ 100 സെക്കൻഡുകൾ കളിയുടെ ഗതി ആകെ മാറ്റി. 65ആം മിനുട്ടിൽ ബൗണ്മതിന് ആദ്യ ഗോൾ വന്നു. ഒരു പെനാൾട്ടിയിലൂടെ സ്റ്റാൻസിലാസ് ആയിരുന്നു സമനില ഗോൾ നേടിയത്.

പിന്നാലെ 67ആം മിനുട്ടിൽ സൊളാങ്കിയിലൂടെ ബൗണ്മതിന്റെ രണ്ടാം ഗോൾ. സൊളാങ്കിയുടെ ബൗണ്മതിനായുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. ഈ ഗോളിന് അവസാനം ലെസ്റ്റർ സെന്റർ ബാക്ക് സൊയാഞ്ചു കാലം വിൽസണെ ചവിട്ടി ചുവപ്പ് കാർഡും വാങ്ങി. അതോടെ 10 പേരായി ചുരുങ്ങിയ ലെസ്റ്ററിന്റെ നില പരുങ്ങലിലായി. 83ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലെസ്റ്റർ മൂന്നാം ഗോൾ വഴങ്ങി. 87ആം മിനുട്ടിൽ സൊളാങ്കിയുടെ രണ്ടാം ഗോൾ ബൗണ്മതിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

ഈ വിജയം 18ആമത് ഉള്ള ബൗണ്മതിനെ 31 പോയന്റിൽ എത്തിച്ചു. റിലഗേഷൻ സോണിന് പുറത്തുള്ള വാറ്റ്ഫോർഡും വെസ്റ്റ് ഹാമും ഇപ്പോൾ ബൗണ്മതിന് മൂന്ന് പോയന്റ് മാത്രം മുന്നിലാണ് ഉള്ളത്. ലെസ്റ്റർ സിറ്റി ആകട്ടെ ഇപ്പോൾ നാലാം സ്ഥാനത്ത് 59 പോയന്റുമായി നിൽക്കുകയാണ്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചാൽ ലെസ്റ്റർ സിറ്റി ആദ്യ നാലിൽ നിന്ന് പുറത്താകും.