പുതിയ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ഇന്ത്യയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒന്നായ നൊങ്ഡംബ നയോറമിന്റെ സൈനിങ് ഔദ്യോഗികമായി. കേരള ബ്ലാസ്റ്റേഴ്സ് തന്നെ ഇന്ന് ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു 18കാരനായ നയോറം രണ്ടർ വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ജീക്സൺ സിങ്, ധീരജ് സിംഗ്, ഋഷി ദത്ത് എന്നീ ഇന്ത്യൻ അണ്ടർ 17 യുവനിരയിൽ ഉണ്ടായിരുന്ന താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ടീമിൽ എത്തിച്ചിരുന്നു. ഭാവിയിലേക്കുള്ള ഒരുക്കമായ് വേണം കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തെ കാണാൻ.

മുൻ ഇന്ത്യൻ അണ്ടർ 17 താരമാണ് നയോറം. ഇപ്പോൾ ഐലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിന്റെ ഭാഗമാണ് താരം. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഓഫർ വന്നപ്പോൾ താരത്തെ വിടാൻ മിനേർവ സമ്മതിക്കുകയായിരുന്നു. ജനുവരി ആദ്യ വാരം താരം കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തും.

കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി ഈ യുവതാരം ഐ ലീഗിൽ കളിച്ചിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ ദേശീയ ലീഗ് കണ്ട മികച്ച ഗോളിന്റെ ഉടമയും നയോറം ആണ്. മികച്ച പന്തടക്കമുള്ള താരം വിങ്ങുകളിലും നമ്പർ 10 പൊസിഷനിലും കളിക്കാൻ കഴിവുള്ള ആളാണ്‌.

Advertisement