കേരള ബ്ളാസ്റ്റേഴ്സ് കോഴിക്കോട് സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആക്കുന്നു എന്ന വാർത്ത സംബന്ധിച്ച് പല വിവാദങ്ങളും കേരളത്തിന്റെ ഫുട്ബോൾ മേഖലയിൽ ഉയരുന്നുണ്ട്. ഇപ്പോൾ ഗോകുലം കേരള ഫുട്ബോൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഇ എം എസ് സ്റ്റേഡിയം ആണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടാക്കി മാറ്റാൻ ശ്രമികുന്നത്. ഇത് സംബന്ധിച്ച് ഐ എസ് എൽ അധികൃതരുമായി വരെ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തി കഴിഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ കേരള ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകാൻ ഒരുക്കമാണെന്നും പറഞ്ഞു കഴിഞ്ഞു.
എന്നാൽ ഈ വാർത്തകളെ തുടക്കത്തിൽ ഗോകുലം കേരള ക്ലബുനായി ബന്ധപ്പെട്ടവർ എതിർത്തിരുന്നു. തങ്ങളുടെ ഹോം ഗ്രൗണ്ട് മറ്റൊരു ടീമിന് ഒരു ആലോചനയും ഇല്ലാതെ വിട്ടു കൊടുക്കുന്നത് ശരിയല്ല എന്നായിരുന്നു ഗോകുലം കേരളയുടെ വാദം. ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് ഹോം ഗ്രൗണ്ട് ആക്കുന്നതിനെ ഗോകുലം കേരള ഫുട്ബോൾ അധികൃതർ മാധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ അറിയാൻ പറ്റുന്നത് ആ നയം മാറ്റാൻ ക്ലബ്ബ് അധികൃതർ തയ്യാർ ആണ് എന്നാണ് അറിയാൻ കഴിയുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക് വരികയാണെങ്കിൽ കൊച്ചി സ്റ്റേഡിയം തങ്ങളുടെ ഹോം ഗ്രൗണ്ടാക്കുന്നതിനെ കുറിച്ച് ഗോകുലം കേരളയും ചിന്തിക്കും. ഐ എസ് എലിൽ ഒരു ക്ലബ്ബും രണ്ടു സ്റ്റേഡിയങ്ങൾ ഹോം ഗ്രൗണ്ട് ആയി ഇത് വരെ ഉപയോഗിച്ചിട്ടില്ല. ഹോം സപ്പോർട്ട് എന്നത് ഫുട്ബോളിൽ വളരെ സുപ്രധാനമായ ഒരു ഘടകം ആണ്.
അത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം നിലവിലുള്ള സ്ഥിതിവിശേഷത്തെ ആശയകുഴപ്പത്തിലാക്കാൻ ഉള്ള കരുതിക്കൂട്ടിയ ഒരു നീക്കമായിട്ടാണ് ഗോകുലം ഫുട്ബോൾ ക്ലബ് കാണുന്നത്.
ഇതിനു ചുക്കാൻ പിടിക്കാൻ കോഴിക്കോടുള്ള ചില ഫുട്ബോൾ അധികാരികളും നിജസ്ഥിതി അറിയാതെ കച്ച കെട്ടി ഇറങ്ങിയിട്ടുണ്ട് എന്നും ക്ലബുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു. കോഴിക്കോട് എടുത്തോട്ടെ എന്നാൽ ഞങ്ങൾക്ക്, പനമ്പള്ളി നഗർ ഗ്രൗണ്ട് പരിശീലനത്തിനായും, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഐ-ലീഗ് കളിക്കാനും കിട്ടുക ആണെങ്കിൽ ക്ലബ്ബിനു അത് ഉത്തമം ആയിരിക്കും എന്ന് ഗോകുലം കേരള ക്ലബ് അധികൃതകർ കരുതുന്നു.
ഹോട്ടൽ, മെഡിക്കൽ കോളേജ്, സ്‌കൂളുകൾ എന്നിവ ഗോകുലത്തിനു കൊച്ചിയും അതിന്റെ അടുത്ത പ്രദേശങ്ങളിലുമായി ഉണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മൂലം കൊച്ചിയിൽ ഗോകുലം ഗ്രൂപ്പിന് നിലവിൽ ഒരു വൻ സ്വാധീനം ഉണ്ട്. കൊച്ചിയിലെ ഫുട്ബാളിനുള്ള സ്വീകാര്യത കൂടി കണക്കിൽ എടുത്താൽ, ക്ലബ്ബിന് ഒരു വലിയ ആരാധകവൃന്ദം കൊച്ചിയിൽ പടുത്തുണ്ടാക്കാൻ പറ്റുമെന്ന് ക്ലബ് അധികൃതർ വിശ്വസിക്കുന്നു. കൊച്ചി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി സി ഡി യെ ആയി രണ്ടു കൂട്ടർക്കും ഉതകുന്ന രീതിയിൽ ഉള്ള ഒരു കരാറിൽ എത്താനും ക്ലബ്ബിനു സാധിക്കും എന്നാണ് ക്ലബ്ബ് അധികൃതർ വിശ്വസിക്കുന്നത്.