“കേരളത്തിലാണ് കളി നടക്കുന്നത് എന്നതും ആരാധകരുടെ പ്രതീക്ഷയും അറിയാം, അതിന്റെ ഉത്തരവാദിത്വം കേരളം കാണിക്കും” – ബിനോ ജോർജ്ജ്

സന്തോഷ് ട്രോഫിയിൽ നാളെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന കേരളം ഗ്രൂപ്പ് ഘട്ടം കടക്കാൻ ആകുമെന്ന് വിശ്വസിക്കുന്നു എന്ന് പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. കേരളത്തിലാണ് കളി നടക്കുന്നത് എന്നത് കേരള ടീമിന് വലിയ അവസരവും ഉത്തരവാദിത്വവും ആണ്. ആരാധകരുടെ പിന്തുണ ടീമിന് കരുത്താകും. അവരുടെ പ്രതീക്ഷ കാക്കേണ്ടതും ഉണ്ട്. ബിനോ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള പ്രീമിയർ ലീഗ് നടക്കുന്നത് കൊണ്ട് തന്നെ ടീമിന് അധികം സമയം ഒരുമിച്ച് പരിശീലനം നടത്താൻ അവസരം കിട്ടിയില്ല. അത് ഒരു ബുദ്ധിമുട്ടാണ്. എന്നാൽ അതേസമയം കേരള പ്രീമിയർ ലീഗ് ഉള്ളത് കൊണ്ട് മാച്ച് ഫിറ്റ്നെസിന്റെ കാര്യത്തിൽ കേരളത്തിന് ഭയം ഇല്ല എന്നും ബിനോ ജോർജ്ജ് പറഞ്ഞു. ഫൈനൽ റൗണ്ടിൽ ഉള്ള എല്ലാ ടീമും ഒപ്പത്തിനൊപ്പം മികവുള്ളവരാണ്. എങ്കിലും ഭാഗ്യത്തിന്റെ തുണ കൂടെ ഉണ്ടെങ്കിൽ കേരള ഗ്രൂപ്പ് ഘട്ടം കടന്ന് സെമിയിൽ എത്തും എന്നും ബിനോ ജോർജ്ജ് പറഞ്ഞു.