ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീര തുടക്കം. ചിരവൈരികളായ ലീഡ്സ് യുണൈറ്റഡിന്റെ ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്ത് എറിയുന്നതാണ് ഇന്ന് കണ്ടത്. ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വലിയ വിജയം തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡ് കൂട്ടുകെട്ടായ പോഗ്ബ ബ്രൂണോ സഖ്യമാണ് വിജയത്തിന് ചുക്കാൻ പിടിച്ചത്. ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് ഗോളുകൾ നേടിയപ്പോൾ പോഗ്ബ നാലു അസിസ്റ്റുമായി ഏവരെയും ഞെട്ടിച്ചു.
ഇന്ന് മാഞ്ചസ്റ്ററിൽ തീർത്തും അറ്റാക്കിംഗ് ഫുട്ബോൾ ആണ് കാണാൻ കഴിഞ്ഞത്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഓൾഡ്ട്രാഫോർഡിൽ ഏറ്റുമുട്ടിയപ്പോൾ കണ്ടതു പോലൊരു മത്സരം തന്നെയാണ് ഇന്നും കണ്ടത്. ഹോം ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. റഫീനയുടെ ഒരു പിഴവിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ ആദ്യ അവസരം. ഗ്രീൻവുഡിന്റെ ഗോൾ ശ്രമം മെസ്ലിയർ രക്ഷപ്പെടുത്തി.
ഇതിനു പിന്നാലെ ഗ്രീൻവുഡ് ഒരു മികച്ച അവസരം പോൾ പോഗ്ബയ്ക്ക് ഒരുക്കി എങ്കിലും പോഗ്ബയുടെ എഫേർട്ട് പുറത്തേക്ക് പോയി. എന്നാൽ താമസിയാതെ ബ്രൂണോ ഫെർണാണ്ടസിന് ഗോൾ അവസരം ഒരുക്കി കൊണ്ട് പോഗ്ബ പ്രായശ്ചിത്തം ചെയ്തു. 30ആം മിനുട്ടിൽ ആയിരുന്നു ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ. പോഗ്ബയുടെ വൺ ടച്ച് പാസ് മനോഹരമായി കയ്യിലൊതുക്കി ബ്രൂണോ ഇടം കാലു കൊണ്ട് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.
ഇതിനു ശേഷവും ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിയിൽ മാത്രം ഇരു ടീമുകളും കൂടെ 16 ഷോട്ടുകൾ ആണ് ഗോൾ മുഖത്തേക്ക് തൊടുത്തത്. രണ്ടാം പകുതിയും അറ്റാക്കിംഗ് നീക്കത്തിലൂടെയാണ് തുടങ്ങിയത്. 49ആം മിനുട്ടിൽ ലുകെ അയലിങിന്റെ ഒരു സ്ക്രീമർ ഡിഹിയയെ കീഴ്പ്പെടുത്തി വലയിൽ എത്തി. ലീഡ്സ് 1-1 മാഞ്ചസ്റ്റർ യുണൈറ്റഡ്.
പക്ഷെ ഈ സമനില അധിക സമയം നീണ്ടു നിന്നില്ല. മൂന്ന് മിനുട്ടുകൾക്ക് അകം യുണൈറ്റഡ് ലീഡ് തിരികെയെടുത്തു. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പോൾ പോഗ്ബ യുണൈറ്റഡ് ഫോർവേഡ് ഗ്രീൻവുഡിനെ കണ്ടെത്തി. പന്തുമായി കുതിച്ച ഗ്രീൻവുഡ് ഇടം കാലൻ ഷൂട്ടിലൂടെ യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടി. ഈ ഗോളിലും യുണൈറ്റഡ് നിർത്തിയില്ല. രണ്ടു മിനുട്ടിനകം യുണൈറ്റഡ് മൂന്നാം ഗോളും നേടി. ഇത്തവണയും പോഗ്ബയുടെ ക്രിയേറ്റീവ് ബൂട്ടുകൾ ആണ് ലീഡ്സ് ഡിഫൻസിനെ പരാജയപ്പെടുത്തിയത്.
പോഗ്ബയുടെ പാസ് സ്വീകരിച്ച് ബ്രൂണോ തൊടുത്ത ഷോട്ട് ലീഡ്സ് ഡിഫൻസ് ക്ലിയർ ചെയ്തു എങ്കിലും പന്ത് ഗോൾ വര കടന്നിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1 ലീഡ്സ് യുണൈറ്റഡ്.
മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് തുടർന്നു 59ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്ക് ഗോൾ പിറന്നു. ഇത്തവണ ലിൻഡെലോഫിന്റെ ഒരു ലോംഗ് പാസ് ആണ് ബ്രൂണോയെ കണ്ടെത്തിയത്. ബ്രൂണോയുടെ ഷോട്ട് ലീഡ്സ് ഗോൾ കീപ്പർ കണ്ടതു പോലുമില്ല. സ്കോർ 4-1. 69ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം ഗോൾ നേടി. വീണ്ടും പോഗ്ബയുടെ അസിസ്റ്റ്. ഇടതു വിങ്ങിൽ നിന്ന് പോഗ്ബ നൽകിയ പാസ് ഫസ്റ്റ് ടച്ചിൽ ഫ്രെഡ് വലയിലേക്ക് എത്തിച്ചു. സ്കോർ 5-1.
73ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സാഞ്ചോ കളത്തിൽ ഇറങ്ങി. ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ സീസണിൽ മുന്നോട്ടുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും. പ്രധാന താരങ്ങളായ കവാനി, റാഷ്ഫോർഡ് എന്നിവരും ഇല്ലാതെയാണ് ഈ വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്.