ബാലൻ ഡി ഓറിനായി പല പേരുകളും ഈ സീസണിൽ കേൾക്കുന്നുണ്ട്. മുൻ പന്തിയിൽ ഉള്ളത് ബാഴ്സലോണയുടെ ലയണൽ മെസ്സിയും, ലിവർപൂളിന്റെ വാൻ ഡൈകും ഒക്കെയാണ്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെയും പോർച്ചുഗലിന്റെയും താരമായ ബെർണാഡോ സിൽവയ്ക്കും സാധ്യത കൽപ്പിച്ചേ പറ്റൂ. അത്ര മികച്ച സീസണാണ് ബെർണാഡോ സിൽവ ഇന്നലെ യുവേഫ നാഷൺസ് ലീഗ് കിരീടം ഉയർത്തികൊണ്ട് അവസാനിപ്പിച്ചത്.
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ പോർച്ചുഗീസ് താരമായിരുന്നു. സിറ്റിക്ക് ഒപ്പം ഈ സീസണിൽ നാലു കിരീടങ്ങൾ നേടിയ ബെർണാഡോ സിൽവ, ഇപ്പോൾ ഈ യുവേഫ നാഷൺസ് ലീഗ് കിരീടം കൂടി ആയതോടെ ഒരൊറ്റ സീസൺ കൊണ്ട് അഞ്ച് കിരീടത്തിൽ എത്തിയിരിക്കുകയാണ്.
യുവേഫ നാഷൺസ് ലീഗിൽ ഇന്നലെ പോർച്ചുഗൽ നേടിയ വിജയ ഗോൾ ഒരുക്കിയതും ബെർണാഡോ സിൽവ ആയിരുന്നു. അദ്ദേഹം തന്നെയാണ് യുവേഫ നാഷൺസ് ലീഗിലെ ഈ വർഷത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ഈ സീസണിൽ 59 മത്സരങ്ങൾ കളിച്ച ബെർണാഡോ സിൽവ 14 ഗോളുകളും 15 അസിസ്റ്റും സ്വന്തമാക്കിയിട്ടുമുണ്ട്.
ഇന്നലെ ഫൈനലിൽ പരാജയപ്പെട്ടതോടെ വാൻ ഡൈകിന്റെ ബാലൻ ഡി ഓർ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിലെ നിരാശ മെസ്സിക്കും പ്രശ്നമാണ്. ഇനി കോപ അമേരിക്കയിൽ മെസ്സി അത്ഭുതങ്ങൾ കാണിച്ചില്ല എങ്കിൽ ബാലൻ ഡി ഓർ ബെർണാഡോയിൽ എത്തിയാൽ അത്ഭുതപ്പെടാൻ ഇല്ല.